നിയന്ത്രണങ്ങളുടെ നടുവില്‍ ഒരു പെരുന്നാള്‍ കൂടി

ചരിത്രം സാക്ഷി.... വലിയ പെരുന്നാളിന്റെ തിരക്ക് നിറഞ്ഞ ഓര്‍മ കോവിഡ് കാലത്ത് ഗൃഹാതുരത്വമായി. കോഴിക്കോട് മിഠായിതെരുവില്‍ ഒഴിഞ്ഞ കടകള്‍ക്ക് മുന്നില്‍ നിന്നൊരു സെല്‍ഫി

കോഴിക്കോട്: കോവിഡ് സമ്പര്‍ക്ക വ്യാപനം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചെറിയ പെരുന്നാളിനുള്ളതിനേക്കാള്‍ നിയന്ത്രങ്ങള്‍ക്ക് നടുവിലാണ് ഇത്തവണത്തെ ബലി പെരുന്നാള്‍ ആഘോഷം. ജില്ലയിലെ പകുതിയോളം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കണ്ടെയിന്‍മെന്റ്‌സോണുകളാണ്. കണ്ടെയിന്‍മെന്റ് സോണുകളില്‍ മസ്ജിദുകളില്‍ പെരുന്നാള്‍ നിസ്‌കാരമോ ജുമുഅയോ നടക്കില്ല. ബലിപെരുന്നാളിന്റെ പ്രത്യേകതയായ മൃഗബലിക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.
പുതുവസ്ത്രങ്ങളണിഞ്ഞ് തക്ബീര്‍ ഉരുവിട്ട് മസ്ജിദുകളിലേക്കുള്ള യാത്രയും നിസ്‌കാരവും നഷ്ടപ്പെടുന്നത് വിശ്വാസികള്‍ക്ക് വലിയ ഹൃദയ വേദനയാണ് ഉണ്ടാക്കുന്നത്. കണ്ടെയിന്‍മെന്റ് സോണുകളെല്ലാത്തയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് പെരുന്നാള്‍ നിസ്‌കാരം നടക്കുമെങ്കിലും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. നൂറ് പേര്‍ക്ക് മാത്രമാണ് നിസ്‌കരിക്കാന്‍ കഴിയുക.
കണ്ടെയിന്‍മെന്റ് സോണുളിലുള്ള പെരുന്നാളിനോടനുബന്ധിച്ച് സജീവമാവാറുള്ള കോഴിക്കോട്ടെ വലിയങ്ങാടി, മിഠായിതെരുവ്, മാവൂര്‍ റോഡ് എന്നിവിടങ്ങളെല്ലാം തന്നെ അടച്ചു പൂട്ടി.
പെരുന്നാളുകളോടനുബന്ധിച്ച് വസ്ത്ര വ്യാപാര രംഗത്ത് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍ സമ്പര്‍ക്ക വ്യാപനം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്ന പതിവ് മാറ്റിവെക്കാതെ തരമില്ല. ജില്ലയിലെ വലിയ മുനിസിപ്പാലിറ്റിയായ വടകരയിലും ഒട്ടും വ്യത്യസ്തമല്ല കാര്യങ്ങള്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വടകര പഴയ ബസ്റ്റാന്റ് പരിസരം അടച്ചു പൂട്ടിയത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു.ജില്ലയിലെ മറ്റു പട്ടണങ്ങളിലൊന്നും ഒട്ടും വ്യത്യസ്തമല്ല കാര്യങ്ങള്‍.