പൊലീസ് വാഹന പരിശോധന; ഗതാഗത കുരുക്കില്‍ വലഞ്ഞ് അവശ്യ യാത്രക്കാര്‍

കാസര്‍കോട് പുതിയ ബസ്റ്റാന്റ് സര്‍ക്കളിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നു

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ പൊലീസ് വാഹനപരിശോധന കര്‍ശനമാക്കിയതോടെ അവശ്യയാത്രക്കാരടക്കം ദുരിതത്തിലായി.
പുതിയ ബസ്റ്റാന്റിലും കറന്തക്കാട് ദേശീയ പാതയിലും പൊലീസ് ബാരിക്കേഡ് വെച്ച് പരിശോധന കര്‍ശനമാക്കിയതോടെ മണിക്കൂറുകളോളമാണ് ഗതാഗത തടസപ്പെടുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വാഹനപരിശോധന ശക്തമാക്കിയതെങ്കിലും ദൂരെ ദിക്കുകളിലേക്ക് യാത്രചെയ്യുന്നവര്‍ക്കും അവശ്യ സാധനങ്ങള്‍ക്കായി നഗരത്തിലേത്തി തിരിച്ചുപോവേണ്ടവര്‍ക്കും ഏറെ നേരം ട്രാഫിക് കുരുക്കില്‍ നില്‍ക്കേണ്ടിവരുന്നു.
കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉപാധികളോടെ കടകള്‍ തുറക്കാന്‍ കലക്ടറുടെ നിര്‍ദേശമുണ്ടെങ്കിലും പൊലീസ് എല്ലാ നിര്‍ദേശങ്ങളും ലംഘിക്കുകയാണ്. അവശ്യസാധനങ്ങള്‍ക്കായി എത്തുന്നവരെ പോലും പൊലീസ് അടിച്ചോടിക്കുകയാണെന്നാണ് പരാതി. കഴിഞ്ഞ ദിവസം നഗരത്തിന്റെ പല ഭാഗങ്ങളിലും അണങ്കൂര്‍, ഉപ്പള, കുമ്പള, ചെര്‍ക്കള എന്നിവിടങ്ങളിലും പൊലീസ് കടയടപ്പിക്കുകയും സാധനങ്ങള്‍ വാങ്ങാനെത്തിയവരെ ആവശ്യം ചോദിക്കാന്‍ പോലും തയാറാവാതെ അടിച്ചോടിക്കുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടെ നിശ്ചിത സമയത്ത് കടകള്‍ തുറക്കാനും ആ സമയത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പരിശോധനയുടെ പേരില്‍ വഴിയില്‍ തടയുന്നതിനുമെതിരെ വലിയ രീതിയിലുള്ള പരാതികളാണ് ഉയരുന്നത്.