ബാര്‍സ വിട്ട് മെസി ഇന്റര്‍ മിലാനിലേക്ക്‌

34
ലിയോ മെസി ഇന്റര്‍ മിലാനിലേക്കെത്തുമെന്ന സൂചന വ്യക്തമാവുന്നത് അദ്ദേഹത്തിന്റെ പിതാവ് ജോര്‍ജ് മെസി (വലത്ത്) മിലാന്‍ നഗരത്തില്‍ സജീവമാവുന്ന പശ്ചാത്തലത്തിലാണ്‌

റോം: ചെറിയ ഇടവേളക്ക്് ശേഷം വീണ്ടും ലിയോ മെസി വാര്‍ത്താ തലക്കെട്ടുകളില്‍. ബാര്‍സിലോണയില്‍ നിന്നും അടുത്ത സീസണില്‍ അദ്ദേഹം ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനൊപ്പം ചേരുമെന്നാണ് വലിയ വാര്‍ത്ത. ഇറ്റലിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് പത്രമായ ഗസറ്റെ ഡെലോ സ്‌പോര്‍ട്ടിന്റെ ഒന്നാം പേജ് തലക്കെട്ട് സത്യമാവുകയാണെങ്കില്‍ മെസിയുടെ ബാര്‍സാ ബന്ധം അടുത്ത സീസണോടെ അവസാനിക്കും. പൊന്നും വിലക്ക് മെസിയെ സ്വന്തമാക്കാന്‍ റെഡിയാണെന്ന് ഇന്ററിന്റെ പ്രധാന ഷെയര്‍ ഹോള്‍ഡറായ സണിംഗ് ഹോള്‍ഡിംഗ് ഗ്രൂപ്പ് വ്യക്തമാക്കി കഴിഞ്ഞു. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു എന്നാണ് പത്രം വ്യക്തമാക്കിയിരിക്കുന്നത്.
ബാര്‍സ മാനേജ്‌മെന്റുമായി ഇടഞ്ഞ് നില്‍ക്കുന്ന മെസിയുടെ ക്ലബ് കരാര്‍ 2021 ലാണ് അവസാനിക്കുന്നത്. ഇത് വരെ കരാര്‍ പുതുക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. കോവിഡ് സാഹചര്യത്തില്‍ ക്ലബുകളെല്ലാം സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ സ്വീകരിക്കാന്‍ ആര് തയ്യാറാവുമെന്ന ചോദ്യത്തിന് മുന്നിലായിരുന്നു ഇത് വരെ മെസി. എന്നാല്‍ ബാര്‍സ നല്‍കുന്നതിനേക്കാള്‍ വലിയ പ്രതിഫലമാണ് ഇപ്പോള്‍ ഇന്റര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ ഈ സീസണോടെ മെസി നുവോ കാമ്പ് വിടുമെന്നാണ് വ്യക്തമായ സൂചനകള്‍.
ബാര്‍സയില്‍ ഇപ്പോഴും കാര്യങ്ങള്‍ അവതാളത്തിലാണ്. ലാലീഗ കിരീടം നഷ്ടമായതോടെ പ്രതിസന്ധി രൂക്ഷമാണ്. കോച്ച്് ക്വികേ സേതാനെ മാറ്റാന്‍ ഇത് വരെ ക്ലബ് തയ്യാറായിട്ടില്ല. കോച്ചിന്റെ പ്രതിരോധ സമീപനമാണ് ടീമിന് പ്രശ്‌നമെന്ന് മെസി പലപ്പോഴായി പറഞ്ഞിട്ടും നിര്‍ണായക യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തന്നെയാണ് ടീം ഇറങ്ങാന്‍ പോവുന്നത്. നാപ്പോളിക്കെതിരായ ദ്വിപാദ പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബാര്‍സ 1-1 ല്‍ നില്‍ക്കുകയാണ്. റിട്ടേണ്‍ മല്‍സരം അടുത്ത മാസം എട്ടിന് നുവോ കാമ്പിലാണ് നടക്കാനിരിക്കുന്നത്. ഇതേ ശൈലിയില്‍ മുന്നോട്ട് പോയാല്‍ ചാമ്പ്യന്‍സ് ലീഗിലും ടീം തളരുമെന്ന് ലാലീഗയില്‍ ഒസാസുനക്കെതിരായ തോല്‍വിക്ക് ശേഷം സംസാരിക്കവെ ക്ഷുഭിതനായി മെസി പറഞ്ഞിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് റയല്‍ മാഡ്രിഡില്‍ നിന്നും വലിയ വിലക്ക് ഇറ്റാലിയന്‍ ക്ലബായ യുവന്തസ് കൃസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. അതേ ശൈലിയില്‍ തന്നെ ബാര്‍സിലോണയില്‍ നിന്നും മെസിയെ ഇറ്റലിയിലെത്തിക്കാനാണ് ഇന്ററിന്റെ നീക്കം. മെസിയുടെ പിതാവ് ജോര്‍ജ് മെസിയുടെ ബിസിനസ് കേന്ദ്രമായി മിലാന്‍ മാറാന്‍ പോവുന്നതും ഇന്ററിന് കാര്യങ്ങള്‍ അനുകൂലമാക്കുന്നുണ്ട്. ദീര്‍ഘവര്‍ഷങ്ങളായി ബാര്‍സിലോണ നഗരത്തിലെ സ്ഥിര താമസക്കാരനാണ് മെസി. അദ്ദേഹത്തിന്റെ കുടുംബവും ഇവിടെ തന്നെ. നഗരം വിട്ട് പുതിയ കേന്ദ്രത്തിലെത്തുകയെന്നത് മെസിയെ സംബന്ധിച്ച്് വേദനാജനകമാണ്. പക്ഷേ ബാര്‍സ മാനേജ്‌മെന്റ് തന്റെ നിലപാടുകളെ പരസ്യമായി ലംഘിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന തീരുമാനം മെസി എടുത്താല്‍ അല്‍ഭുതപ്പെടാനില്ല.