മലയോര ഹൈവേ: ആദ്യ റീച്ച് ആഗസ്റ്റ് അവസാനത്തോടെ പണി പൂര്‍ത്തിയാകും

നിര്‍മ്മാണം പുരോഗമിക്കുന്നമലയോര ഹൈവേ

കാസര്‍കോട്: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന മലയോര ഹൈവേ നിര്‍മ്മാണം ജില്ലയില്‍ പുരോഗതിയില്‍. ജില്ലയിലെ നന്ദാരപ്പദവില്‍ നിന്നാരംഭിക്കുന്ന മലയോര ഹൈവെയുടെ ആദ്യ റീച്ചായ നന്ദാരപ്പദവ് – ചേവാര്‍ റീച്ച് ആഗസ്റ്റ് അവസാനത്തോടെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാകും. 23 കിലോമീറ്റര്‍ നീളമുള്ള റീച്ച് 5467 ലക്ഷം രൂപ ചിലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. കോവിഡ് മൂലം രണ്ട് മാസത്തോളം നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയെങ്കിലുംനിര്‍മ്മാണം പുനരാംരംഭിച്ചപ്പോള്‍ പ്രവൃത്തികള്‍ അതിവേഗം മുന്നേറുന്നു. ജില്ലയിലൂടെ കടന്ന് പോകുന്ന 127.805 കിലോമീറ്റര്‍ മലയോര ഹൈവേ നാല് റീച്ചുകളായാണ് പൂര്‍ത്തീകരിക്കുന്നത്. 12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ഹൈവേയില്‍ ഏഴ് മീറ്റര്‍ ടാറിങ്ങും ഇരു വശങ്ങളിലുമായി ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും ബാക്കിഭാഗം ഓടയും നിര്‍മ്മിക്കും. ഇതോടൊപ്പംആവശ്യമായ സ്ഥലങ്ങളില്‍ പാലങ്ങളും കലുങ്കുകളും ഡിവൈഡറുകളും നിര്‍മ്മിക്കുന്നു.നന്ദാരപ്പദവില്‍നിന്ന് സുങ്കതകട്ട, പൈവളിഗെ, ചേവാര്‍, അംഗടിമൊഗര്‍, ഇടിയടുക്ക, ബദിയടുക്ക, മുള്ളേരിയ,പടിയത്തടുക്ക, അത്തനാടി, എടപ്പറമ്പ, പാണ്ടി, പള്ളഞ്ചി, ശങ്കരമ്പാടി, പടുപ്പ്, ബന്തടുക്ക, മാനടുക്കം, കോളിച്ചാല്‍, പതിനെട്ടാംമൈല്‍, ചുള്ളി, വള്ളിക്കടവ്, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളിലൂടെ ചെറുപുഴയിലെത്തുന്നതാണ് ജില്ലയില്‍ മലയോര ഹൈവേ. കിഫ്ബി വഴിയാണ് പദ്ധതികള്‍ക്കായുള്ള പണം ലഭ്യമാക്കുന്നത്.ജില്ലയിലെ എറ്റവും നീളം കൂടിയ റീച്ചായ ചേവാര്‍-എടപ്പറമ്പ് റീച്ചിന് സാമ്പത്തി കാനുമതി ലഭിച്ചു. 49.635 കിലോമീറ്റര്‍ നീളമുള്ള റീച്ചാണിത്. 8385 ലക്ഷം രൂപ ചിലവിടുന്ന പദ്ധതിയുടെ സാങ്കേതിക അനുമതിക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എടപ്പറമ്പ് -കോളിച്ചാല്‍ റീച്ചിന്റെ നിര്‍മ്മാണ പ്രവൃത്തി പകുതിയോളം പൂര്‍ത്തികരിച്ചു. 24.4 കിലോമീറ്റര്‍ നീളമുള്ള ഈ റീച്ചില്‍ രണ്ടിടങ്ങളിലായി മൂന്നര കിലോമീറ്റര്‍ വനപാതയാണ്.ഇതിനാല്‍ ഇവിടെ 12 മീറ്റര്‍ വീതിയില്‍ റോഡ് മെച്ചപ്പെടുത്താന്‍ 4.332 ഹെക്ടര്‍ ഭൂമിക്കുള്ള വനം വകുപ്പിന്റെ അനുമതിക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നു. 8515 ലക്ഷം രൂപയാണ് എടപ്പറമ്പ് കോളിച്ചാല്‍ റീച്ചിന് കിഫ്ബിയിലൂടെ അനുവദിച്ചിരിക്കുന്നത്.
കോളിച്ചാല്‍ മുതല്‍ ജില്ലാ അതിര്‍ത്തിയായ ചെറുപുഴ വരെയുള്ള 30.77 കിലോമീറ്റര്‍ നീളമുള്ള റീച്ചിന് 8200 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മിക്കുന്നത്. 31 ശതമാനത്തോളം പണികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഈ റീച്ചിലെ 3.1 കിലോമീറ്റര്‍ ഭാഗം കടന്നുപോകുന്നത് മരുതോം കാറ്റാംകവല വനമേഖലകളിലൂടെയാണ്. ഇവിടെയും വനഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.