മുഴുവന്‍ കടകളും അടച്ചു; നിരോധനാജ്ഞയും നിയന്ത്രണങ്ങളും കാസര്‍കോട് നഗരം വിജനമായി

കാസര്‍കോട്: കോവിഡ് വ്യാപന ഭീതിയെത്തുടര്‍ന്ന് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയെയും നിയന്ത്രണങ്ങളെയും തുടര്‍ന്ന് തിങ്കളാഴ്ച ഈ ഭാഗങ്ങളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയില്ല. കാസര്‍കോട് നഗരത്തില്‍ പൂര്‍ണമായും കടകള്‍ അടഞ്ഞുകിടഞ്ഞു. ചില കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന നടത്തി.
നിര്‍ദ്ദേശം ലംഘിച്ച് നിരത്തിലിറങ്ങിയ 20 ഓളം ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് നഗരത്തില്‍ പാര്‍ക്ക് ചെയ്ത ഓട്ടോ ഡ്രൈവര്‍മാരെ താക്കീത് ചെയ്തു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
ഇതേത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പൊലീസ് വാഹന പരിശോധന നടത്തിവരികയാണ്. അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരുന്നു. സ്വകാര്യ ബസുകള്‍ ഏതാനും ദിവസങ്ങളായി സര്‍വീസ് നടത്തുന്നില്ല. കാസര്‍കോട്-കണ്ണൂര്‍ റൂട്ടില്‍ ചില കെ എസ്ആര്‍ടിസി ബസുകള്‍ ഇന്നലെ സര്‍വീസ് നടത്തി. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏവരും സ്വയം ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.