വീണ്ടും റൊണാള്‍ഡോ, സിരിയ കിരീടം ഒമ്പതാം തവണയും യുവന്തസിന്‌

7
തുടര്‍ച്ചയായി ഒമ്പതാം തവണയും സിരിയ എ കിരീടം സ്വന്തമാക്കിയ യുവന്തസ് താരങ്ങള്‍ ആഹ്ലാദത്തില്‍

ടൂറിന്‍: അവസാനം ആ കടമ്പ യുവന്തസ് കടന്നു. രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ തുടര്‍ച്ചയായി ഒമ്പതാം തവണയും ഇറ്റാലിയന്‍ സിരിയ എ കിരീടം യുവന്തസ് സ്വന്തമാക്കിത് സൂപ്പര്‍ മെഗാ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍. ഒന്നാം പകുതിയുടെ അവസാനത്തില്‍ പോര്‍ച്ചുഗലുകാരന്‍ നേടിയ ഗോളും രണ്ടാം പകുതിയില്‍ ഫ്രെഡറികോ ബെര്‍നാര്‍ഡ്‌സജി നേടിയ ഗോളും സാംപദോറിയയെ കീഴടക്കാന്‍ ടീമിനെ സഹായിച്ചപ്പോള്‍ കാണികളില്ലാത്ത സ്‌റ്റേഡിയത്തെ സാക്ഷി നിര്‍ത്തി ഒരിക്കല്‍ കൂടി യുവന്തസ് ഉച്ചത്തില്‍ ആഘോഷം മുഴക്കി. 36 മല്‍സരങ്ങളില്‍ നിന്ന് 83 പോയിന്റാണ് ടീമിന്റെ നിലവിലെ സമ്പാദ്യം. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 76 പോയിന്റുളള ഇന്റര്‍ മിലാനാണ് രണ്ടാമത്. അവസാന രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടാലും യുവന്തസിന് ഇനി പേടിക്കാനില്ല.
കോവിഡ് പ്രതിസന്ധിക്ക് ശേഷം സിരിയ എ പുനരാരംഭിച്ചപ്പോള്‍ മുതല്‍ അസ്ഥിര പ്രകടനങ്ങളായിരൂുന്നു യുവന്തസ് നടത്തിയത്. അവസാന മല്‍സരത്തില്‍ ദുര്‍ബലരായ ഉദിനസിനോട് തോല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ടീമിന്റെ ആത്മവിശ്വാസം ചോരുന്നതായി കോച്ച്് മൗറിസിയോ സാറി തന്നെ പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും നിരന്തര മല്‍സരങ്ങള്‍ ടീമിനെ തളര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാം സ്ഥാനക്കാരായ ഇന്റര്‍ മിലാന്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ യുവെയില്‍ സമ്മര്‍ദ്ദം ഇരട്ടിയായി. സ്വന്തം മൈതാനത്ത് സാംപദോറിയയെ പോലെ ദുര്‍ബലരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാവുമെന്നുറപ്പായിരുന്നു. ഈ സന്നിഗ്ദ്ധ ഘട്ടത്തിലാണ് അനുഭവ സമ്പത്തിന്റെ കരുത്തുമായി റൊണാള്‍ഡോ എത്തിയത്. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തായിരുന്നു മിര്‍ലം പാനികിന്റെ ഷോട്ട് ഫ്രീകിക്കില്‍ നിന്നും റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത്. സീസണില്‍ ചാമ്പ്യന്‍ താരത്തിന്റെ 31-ാമത് ഗോള്‍. പക്ഷോ ടോപ് സ്‌ക്കോറര്‍ പദവിയില്‍ റൊണാള്‍ഡോക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ലാസിയോയുടെ സിറോ ഇമോബി 34 ഗോളുകളുമായി വന്‍ കുതിപ്പ് നടത്തുകയാണ്. ഇന്നലെ വെറോണയെ ലാസിയോ 5-1 ് തകര്‍ത്തപ്പോള്‍ ഇമോബില്‍ ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. ഇന്നലെ സാംപദോറിയക്കെതിരെ രണ്ടാമത് ഗോള്‍ നേടാന്‍ റൊണാള്‍ഡോക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ മല്‍സരാവസാനത്തില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഉപയോഗപ്പെടുത്താന്‍ 34 കാരനായില്ല.
യൂറോപ്പിലെ വന്‍കിട ലീഗുകളില്‍ തുടര്‍ച്ചയായി ഒമ്പത് കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമായി മാറിയിരിക്കയാണ് യുവന്തസ്. ഇന്നലെയും ഉന്നത നിലവാരത്തിലായിരുന്നില്ല മൗറിസിയോ സാറിയുടെ സംഘത്തിന്റെ പ്രകടനം. പലപ്പോഴും സാംപദോറിയക്കാര്‍ യുവന്തസ് ബോക്‌സില്‍ മിന്നലാക്രമണം നടത്തി. ഒന്നാം പകുതി ഗോള്‍ രഹിതമായി അവസാനിക്കുമെന്ന ഘട്ടത്തിലായിരുന്നു റൊണാള്‍ഡോ രക്ഷകനായത്. രണ്ടാം പകുതിയില്‍ ഏത് വിധേനയും തിരിച്ചടിക്കാന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു സാംപദോറിയക്കാര്‍. ഒരു തവണ അവര്‍ക്ക് ക്രോസ് ബാര്‍ തടസമാവുകയും ചെയ്തു. എന്നാല്‍ ബെര്‍നാര്‍ഡ്‌സജിയുടെ ഗോളോടെ യുവന്തസ് പിടിമുറുക്കി.
ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് സ്വന്തമാക്കുന്നവരുടെ കാര്യത്തിലും ഇറ്റലിയില്‍ ഏകദേശ തീരുമാനമായിട്ടുണ്ട്. ആദ്യ നാല് സ്ഥനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത്. യുവന്തസിനെ കൂടാതെ ഇന്റര്‍ മിലാന്‍, അറ്റലാന്റ, ലാസിയോ എന്നിവരെ മറികടക്കാന്‍ ഇനി ആര്‍ക്കുമാവില്ല. യൂറോപ്പ ലീഗിലേക്ക് ബെര്‍ത്ത് തേടാന്‍ പക്ഷേ മല്‍സരമുണ്ട്. റോമയാണ് അഞ്ചാമത്. അടുത്ത സ്ഥാനത്ത് ഏ.സി മിലാനുമുണ്ട്. ഏഴാം സ്ഥാനത്ത് നല്‍ക്കുന്ന നാപ്പോളിക്കും യൂറോപ്പയില്‍ സാധ്യതയുണ്ട്.