സെന്‍ട്രല്‍ ജയിലില്‍ വാഹനങ്ങളില്‍ ഇന്ധനവും നിറക്കാം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു സമീപത്തെ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്ത ശേഷം ഇന്ധനം നിറക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാപിച്ച പെട്രോള്‍ പമ്പ് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. സെന്‍ട്രല്‍ ജയിലിനു സമീപം ദേശീയപാതയിലാണ് പമ്പ്. കണ്ണൂരിനു പുറമെ വിയ്യൂര്‍, തിരുവനന്തപുരം എന്നീ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലും പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
സിഎന്‍ജി, ഇലക്ര്ടിക്കല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 2019 ഡിസംബറിലാണ് പെട്രോള്‍ പമ്പ് നിര്‍മാണം ആരംഭിച്ചത്. 30 വര്‍ഷത്തേക്കാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥലം പാട്ടത്തിന് ഏറ്റെടുത്തത്. ഇത് വഴി പ്രതിമാസം 5.9 ലക്ഷം രൂപ സര്‍ക്കാരിന് വാടകയിനത്തില്‍ ലഭിക്കും.
ജയിലുകള്‍ കേന്ദ്രീകരിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പെട്രോള്‍ പമ്പുകള്‍ ആരംഭിച്ചത്. നേരത്തെ ഫ്രീഡം ചപ്പാത്തിയും പിന്നീട് ബ്യൂട്ടി പാര്‍ലറും കണ്ണൂരില്‍ ആരംഭിച്ചിരുന്നു.
സെന്‍ട്രല്‍ ജയിലിന് സമീപം നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെഎം ഷാജി എംഎല്‍എ, പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സികെ വിനോദ്, കൗണ്‍സിലര്‍ ടികെ വസന്ത, ജയില്‍ സൂപ്രണ്ട് ടി ബാബുരാജന്‍, ഐഒസി ചീഫ് സെയില്‍സ് മാനേജര്‍ ജസീല്‍ ഇസ്മായില്‍ പങ്കെടുത്തു.