യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിയത് 1.25 ലക്ഷം പ്രവാസികള്‍

  41

  അബുദാബി: യുഎഇയില്‍ നിന്ന് ഒന്നേ കാല്‍ ലക്ഷം പ്രവാസികള്‍ ഇന്ത്യയിലെത്തി. വന്ദേ ഭാരത് വിമാനങ്ങളിലും വിവിധ സംഘടനകളും സ്വകാര്യ കമ്പനികളും ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലുമാണ് ഇത്രയും പേര്‍ നാട്ടിലെത്തിയത്.
  കോവിഡ് 19 മൂലം വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ കഴിയാതെ പ്രയാസപ്പെട്ടവരെ നാട്ടില്‍ തിരികെ എത്തിക്കാനുള്ള യജ്ഞത്തിന് മെയ് ആദ്യ വാരത്തിലാണ് തുടക്കം കുറിച്ചത്.
  ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലുമായി രജിസ്റ്റര്‍ ചെയ്തവരെയാണ് നാട്ടിലെത്തിച്ചത്. ഇനിയും ആയിരക്കണക്കിന് പേര്‍ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം കാത്തിരിക്കുന്നുണ്ട്.
  അതിനിടെ, വന്ദേഭാരത് മിഷന് കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നേരിട്ടുള്ള ബുക്കിംഗ് ആരംഭിച്ചതിനെ തുടര്‍ന്ന് ടിക്കറ്റ് ലഭിക്കാതെ താഴേക്കിടയിലുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രയാസത്തിലാണ്.
  ജൂലൈ 14 വരെയുള്ള മുഴുവന്‍ വിമാനങ്ങളിലെയും ടിക്കറ്റുകള്‍ ബാങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ കൈക്കലാക്കിയപ്പോള്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാത്ത സാധാരണ തൊഴിലാളികള്‍ക്ക് ടിക്കറ്റ് ലഭിക്കാതെ പോവുകയായിരുന്നു.