യുഎഇയില്‍ നൂറുമേനി കൊയ്തു രണ്ടുസ്‌കൂളുകള്‍ മാത്രം

അബുദാബി: പ്ലസ് ടു പരീക്ഷയില്‍ ഇത്തവണ യുഎഇയില്‍ രണ്ടു സ്‌കൂളുകള്‍ക്ക് മാത്രമാണ് നൂറുമേനി വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞത്.
മോഡല്‍ സ്‌കൂള്‍ അബുദാബി,എന്‍ ഐ മോഡല്‍ സ്‌കൂള്‍ ഷാര്‍ജ എന്നീ രണ്ടു സ് കൂളുകളാണ് മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച അഭിമാന നേട്ടം കൈവരിച്ചത്. ആകെയുള്ള എട്ടു സ്‌കൂളുകളില്‍ ആറുസ്‌കൂളുകളിലെ 28 കുട്ടികള്‍ക്കാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
നൂറുമേനിക്കുവേണ്ടി എല്ലാ സ്‌കൂളുകളും കഠിന പ്രയത്‌നം നടത്തിയിരുന്നുവെങ്കിലും ഒടുവില്‍ പാളിപ്പോകുകയായിരുന്നു. ഉമ്മുല്‍ഖുവൈനിലെ ദ ഇംഗ്ലീഷ് സ്‌കൂള്‍, നിംസ് ദുബൈ, നിംസ് അല്‍ഐന്‍ എന്നീ മൂന്നുസ്‌കൂളുകള്‍ക്ക് രണ്ടുപേരുടെ വീതം പരാജയത്തിലാണ് നൂറുമേനി നഷ്ടപ്പെട്ടത്.
ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നു കുട്ടികളുടെ പരാജയവും നൂറുശതമാനമെന്ന ഖ്യാതി ഇല്ലാതാക്കി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആറു കുട്ടികളെ വിജയം തുണച്ചില്ല. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 15 കുട്ടികളാണ് വി ജയത്തിലെത്താതെ പോയത്.