24 മണിക്കൂറില്‍ കാല്‍ലക്ഷം കോവിഡ് കേസുകള്‍: സമൂഹ വ്യാപനമില്ല; പ്രാദേശിക പകര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രം

    16

    ന്യൂഡല്‍ഹി: കോവിഡ് 19ന് ഇന്ത്യയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ചിലയിടങ്ങളില്‍ പ്രാദേശികമായ രോഗപ്പകര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല മന്ത്രിസഭാ സമിതി യോഗത്തിനുശേഷം മന്ത്രിമാര്‍ വ്യക്തമാക്കി. അതേസമയം ഇന്നലേയും കാല്‍ ലക്ഷത്തിനടുത്ത് (24,879) പുതിയ കോവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7.67 ലക്ഷമായി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് അമേരിക്കക്കും ബ്രസീലിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
    അതേസമയം 130 കോടി ജനങ്ങളുള്ള ഇന്ത്യക്ക് കോവിഡ് 19 വൈറസിനെ താരതമ്യേന നല്ല നിലയില്‍ നേരിടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ഓരോ പത്തു ലക്ഷം പേരിലും രോഗബാധിതരുടെ കണക്കെടുത്താല്‍ ലോകത്തില്‍ ഏറ്റവും താഴെയാണ് ഇന്ത്യ. മറ്റു രാജ്യങ്ങളില്‍ 1617 മടങ്ങ് കൂടുതലാണ് രോഗികളുടെ എണ്ണം. പത്തുലക്ഷത്തിന് ആനുപാതികമായ മരണ നിരക്ക് കണക്കിലെടുത്താലും ഇന്ത്യ ഏറ്റവും പിന്നിലാണ്. മറ്റു രാജ്യങ്ങളില്‍ 40 മടങ്ങു വരെ മരണ നിരക്ക് കൂടുതലാണ്.
    രാജ്യത്തെ 39 ശമതാനം കോവിഡ് ബാധിതരും 6074 പ്രായപരിധിയില്‍ വരുന്ന ജനസംഖ്യയുടെ എട്ട് ശതമാനം മാത്രം വരുന്ന വിഭാഗത്തിലാണെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. 14 ശമാനം മരണങ്ങളും 75 വയസ്സിനു മുകളിലാണ്. ഇതില്‍ തന്നെ ഭൂരിഭാഗം പേരും ആസ്ത്മ പോലുള്ള മറ്റു രോഗങ്ങളുള്ളവരാണെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. കോവിഡ് നിര്‍ണയ പരിശോധനകള്‍ വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കിയതായും ഐ.സി.എം.ആര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കോവിഡ് കേസുകളുടെ 80 ശതമാനവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. മാരാഷ്ട്രയാണ് ഇതില്‍ മുന്നില്‍.