339 പേര്‍ക്ക് കോവിഡ്; 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും;
    149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
    തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ആദ്യമായി മുന്നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
    ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 140 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 92 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 10, കൊല്ലം, എറണാകുളം ജില്ലകളിലെ നാല് പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം-9, കൊല്ലം-10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം-8, ഇടുക്കി-8, കണ്ണൂര്‍-16, എറണാകുളം-15, തൃശ്ശൂര്‍-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-3, കാസര്‍കോട്-13. എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്. ഇന്നലെ 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.