ആകാശ മിട്ടായികള്‍ ഉണ്ടാകുന്ന വിധം: ഒരു ബഷീര്‍ വായനയുടെ അനുഭവം

31

ആസ്വാദനം

==============

 

പി. ശിവപ്രസാദ്
ഒരു സാഹിത്യ കൃതിയിലെ ഒരു സംഭാഷണ ശകലം ഇത്ര കണ്ട് ജനപ്രിയമായി മാറിയ ചരിത്രം മറ്റൊരു കൃതിക്ക് സ്വന്തമായുണ്ടോ എന്ന് സംശയമാണ്. ഇപ്പോഴും പ്രണയത്തിന്റെ ഏറ്റവും മികച്ച വാംങ്മയ സന്ദര്‍ഭങ്ങളിലൊന്നെന്ന നിലയില്‍ മലയാളിക്ക് ഓര്‍ക്കുവാന്‍ കഴിയുന്ന ആ സംഭാഷണം ഇപ്രകാരമാണ്.
”പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്റെ ജീവിതത്തിലെ ഓരോ നിമിഷവും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍”.
ഈ നോവലിന്റെ പേരായ ‘പ്രേമലേഖനം’ തന്നെയാണ് നമ്മളിപ്പോള്‍ വായിച്ചത്. ബാങ്ക് ജോലിക്കാരനായി അന്നാട്ടിലേക്ക് വന്ന കേശവന്‍ നായര്‍ക്ക് താമസിക്കാന്‍ കിട്ടിയത് സാറാമ്മയുടെ വീടിന്റെ മുകള്‍ നിലയാണ്. താഴെ സാറാമ്മയെ കൂടാതെ, അപ്പച്ചനും രണ്ടാനമ്മയുമുണ്ട്. ഇത്തിരി കടുപ്പക്കാരിയായ രണ്ടാനമ്മക്ക് കിട്ടുന്ന അവസരമെല്ലാം സാറാമ്മയെ കുറ്റപ്പെടുത്താനാണ് താല്‍പര്യം. അവള്‍ ജോലി അന്വേഷിച്ച് തുടങ്ങിയത് തന്നെ അവര്‍ക്ക് പിടിച്ചിട്ടില്ല. എന്നാല്‍, സാറാമ്മയ്ക്കാകട്ടെ ജോലിയൊന്നും ശരിയായതുമില്ല. അവളുടെ അപ്പച്ചനാകട്ടെ മകളുടെ കാര്യത്തില്‍ ആധിയുണ്ടെങ്കിലും, ഭാര്യ പറയുന്നതിനപ്പുറം ഒരു വാക്കുമില്ല. അങ്ങനെ, ആകെപ്പാടെ മനസ്സു കലങ്ങി നെടുവീര്‍പ്പിട്ട് കഴിയുന്ന സാറാമ്മയെന്ന യുവതിയോടാണ് കേശവന്‍ നായരുടെ ഈ പ്രേമലേഖന അക്രമം.
താന്‍ സാറാമ്മയ്ക്കായി എഴുതിയ പ്രേമലേഖനം, തന്റെ മനസ്സിന്റെ ആത്മാര്‍ത്ഥമായ പ്രണയത്തെ അപ്പാടെ ആവിഷ്‌കരിക്കുന്നുണ്ടെന്നും, അതിനുള്ളിലെ ഓരോ വാക്കിലും തന്റെ ഹൃദയ സ്പന്ദമുണ്ടെന്നും അയാള്‍ വിശ്വസിക്കുന്നു. ഇടയ്‌ക്കൊക്കെ അവളെ കളിയാക്കിക്കൊണ്ട് ‘ഈ പെണ്ണുങ്ങളുടെ തലയ്ക്കുള്ളില്‍ നിലാവെളിച്ചമാണ്’ എന്ന് അയാള്‍ പല തവണ പറഞ്ഞിട്ടുള്ളത് ശരി തന്നെ. അതൊക്കെ സാറാമ്മ തമാശയായിട്ടേ എടുത്തിട്ടുണ്ടാവൂ എന്നാണ് ഇപ്പോള്‍ അയാള്‍ പ്രത്യാശിക്കുന്നത്. തന്നെ പ്രേമിക്കുന്നതിന് സമ്മതം മൂളുന്നതില്‍ സാറാമ്മയ്ക്ക് വിഘ്‌നമൊന്നും ഉണ്ടാവാനിടയില്ല എന്നും അയാള്‍ കരുതുന്നു.
എന്നാല്‍, സാറാമ്മ ആ പ്രേമലേഖനം വായിച്ച ശേഷം അത് ചുരുട്ടിക്കൂട്ടി താഴേക്ക് ഒരേറ് വെച്ചു കൊടുത്തു. എന്നിട്ട് കഠോരമായ, ദയാഹീനമായ ഒരു കളിയാക്കലും: ”വേറെ വിശേഷങ്ങള്‍ ഒന്നുമില്ലേ?” എന്ന്.
കേശവന്‍ നായര്‍ പക്ഷെ, അങ്ങനെ വിട്ടു കൊടുക്കാന്‍ തയാറായില്ല. ഈ ലോകത്തെ എല്ലാ പെണ്ണുങ്ങളും പ്രണയത്തിന്റെ കാര്യത്തില്‍ ആദ്യം കാണിക്കാറുള്ള ഒരു നിഷേധം അവരുടെ മനസ്സിന്റെ പുഷ്പ തുല്യാവസ്ഥയാണെന്ന് അയാള്‍ വിശ്വസിക്കുന്നു. സാറാമ്മ ഒരു ക്രൂരയായതു കൊണ്ടായിരിക്കില്ല അങ്ങനെ പറഞ്ഞത്. അവളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ അത്തരത്തില്‍ പ്രേരിപ്പിക്കുന്നതാവാം. തുടര്‍ന്ന്, അയാള്‍ വിശദമായി അവളുടെ വീട്, ബന്ധുക്കള്‍, വിദ്യാഭ്യാസം, ഓരോ പ്രശ്‌നങ്ങളിലുമുള്ള കാഴ്ചപ്പാടുകള്‍, നിലപാടുകള്‍ ഒക്കെയൊക്കെ പല തവണയായി ചര്‍ച്ച ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം, സാറാമ്മ ഒരു അഭ്യര്‍ത്ഥനയുമായി കേശവന്‍ നായരുടെ മുന്നില്‍ നിന്നു. അയാള്‍ ജോലി ചെയ്യുന്ന ബാങ്കില്‍ ജോലി ഒഴിവ് വല്ലതും കാണുമോ? ഉണ്ടെങ്കില്‍ അത് തനിക്ക് കിട്ടാന്‍ സഹായിക്കുമോ? ഏത് ജോലിയും താന്‍ ചെയ്‌തോളാം. ഈ വീട്ടിലെ പല തരം അവഗണനയും മാനസിക പീഡനവും ഒന്ന് മുറിച്ചു കടക്കാന്‍ അത് കൂടിയേ തീരൂ. ആ അവസരത്തിലാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ അയാള്‍ സാറാമ്മയോട് പറയുന്നത്, ജോലിയൊക്കെ റെഡിയാണ്. സാറാമ്മ സമ്മതം മൂളിയാല്‍ മതി.
എന്താണ് ആ ജോലി? എന്ന ചോദ്യത്തിന്, അയാള്‍ സ്വന്തം മനസ്സില്‍ നിരത്തുന്ന ചില പുരുഷ ന്യായങ്ങളുണ്ട്. അല്‍പം പരുഷമെന്ന് തോന്നാമെങ്കിലും സാംഗത്യമുള്ള ചില ന്യായങ്ങള്‍. ”പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ സ്‌നേഹിക്കുക എന്നതാണ് പ്രഥമവും പ്രധാനവുമായ ജോലി. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമാണ് ഈശ്വരന്‍ സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥകളായി, ഡുങ്കുഡു തഞ്ചിയു(വാനിറ്റി ബേഗ്)മായി ഞെളിഞ്ഞ് നടക്കാനല്ല.
അയാളുടെ വാഗ്ദത്തം കഴിഞ്ഞ് പല നാളായിട്ടും ജോലിക്കാര്യം ശരിയാകാഞ്ഞപ്പോള്‍, അവളുടെ ചോദ്യത്തിന്, ”നാളെ പറയാം”എന്ന് അയാള്‍ തുടര്‍ച്ചയായി മറുപടി പറയാന്‍ തുടങ്ങി. ഇടയ്ക്ക് തന്റെ പ്രേമലേഖനത്തിന്റെ മറുപടി എവിടെയെന്ന ചോദ്യത്തിന് അവളും ”നാളെ പറയാം” എന്ന മറുപടി കൊടുത്തു തുടങ്ങി. ആ കളി അധികം നീണ്ടു പോയില്ല.
വലിയ ഡിഗ്രിയൊക്കെ പഠിച്ച സ്ത്രീകള്‍ക്ക് പോലും ജോലി കിട്ടുന്നില്ല. പിന്നെ ഒരു ജോലിയുള്ളത്, സാറാമ്മയ്ക്ക് ഇഷ്ടമാകുമോ എന്നറിയില്ല… എന്ന അയാളുടെ അര്‍ധോക്തിയില്‍ അവള്‍ പിടിച്ചു കയറി. എന്ത് ജോലിയായാലും കുഴപ്പമില്ലെന്ന് കേട്ടപ്പോള്‍… ”സാറാമ്മയ്ക്ക് അടുക്കള ജോലികളെല്ലാം അറിയാമോ?” എന്നായി അയാളുടെ ചോദ്യം. തന്നെ അരിവെപ്പുകാരിയാക്കുന്ന ജോലിയാണോ അത് എന്ന് അവള്‍ മറുചോദ്യം ഉന്നയിച്ചു.
ഒടുവില്‍, ആ ചോദ്യം അന്തിമമായി തന്നെ കേശവന്‍ നായര്‍ സാറാമ്മയോട് ചോദിച്ചു. ”ഞാന്‍ സാറാമ്മയെ സ്‌നേഹിക്കുന്നത് പോലെ സാറാമ്മ എന്നെയും ഗാഢമായി സ്‌നേഹിക്കുക എന്നുള്ളതാണ് ഞാന്‍ സാറാമ്മയ്ക്ക് കണ്ടു വെച്ചിരിക്കുന്ന ജോലി”.
ശമ്പളം എത്രയെന്നതുള്‍പ്പെടെയുള്ള സാങ്കേതികമായ സംശയങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷം ആ ജോലി സമ്മതപൂര്‍വം അവള്‍ ഏറ്റെടുത്തു. അടുത്ത മാസങ്ങളില്‍ ഒന്നാം തീയതി അവളുടെ ശമ്പളം അവള്‍ കൃത്യമായി ചോദിച്ചു വാങ്ങി. അങ്ങനെ ആ അപൂര്‍വ പ്രണയം സുന്ദര സുരഭിലമായി കടന്നു പോകവേ, കേശവന്‍ നായര്‍ക്ക് മറ്റൊരു നല്ല ജോലി കിട്ടി. സാറാമ്മയുടെ ഉപദേശം കൂടി സ്വീകരിച്ച് പഴയ ജോലി അയാള്‍ രാജി വെച്ചു. അടുത്ത പ്രഭാതത്തില്‍ അയാള്‍ ഇവിടം വിട്ടു പോവുകയാണ്. കേശവന്‍ നായര്‍ പോയാലും ”എല്ലാ ഒന്നാം തീയതിയും കൃത്യമായി മണിയോര്‍ഡര്‍ അയച്ചേക്കണം” എന്ന് സാറാമ്മ പറഞ്ഞു. ”സാറാമ്മ കൂടി തന്നോടൊപ്പം പുതിയ ജോലി സ്ഥലത്തേക്ക് വരണം. എനിക്ക് അവിടെ ഒറ്റയ്ക്ക് ജീവിക്കാന്‍ വയ്യ. നമുക്ക് ഫരജിസ്റ്റര്‍ വിവാഹം ചെയ്ത് അവസാനം വരെ പ്രേമിച്ച് ജീവിക്കാം” എന്ന് അയാള്‍ അവളോട് പറഞ്ഞു. അങ്ങനെയാണെങ്കില്‍, ഭാവി ജീവിതത്തെപ്പറ്റി അവള്‍ക്കുള്ള പല സംശയങ്ങളും ഗൗരവമായി ആലോചിക്കേണ്ടി വരും.
എന്തൊക്കെയാണത്? ഒന്നിച്ച് ജീവിക്കുമ്പോള്‍ കുട്ടികളുണ്ടാവില്ലേ? ഒരു ക്രിസ്ത്യാനിയായ എനിക്കും ഹിന്ദുവായ താങ്കള്‍ക്കും ഉണ്ടാകുന്ന കുട്ടികള്‍ ഏത് മതത്തില്‍പ്പെടും? അവര്‍ക്ക് അറിവും തിരിച്ചറിവും ഉണ്ടാകുന്നത് വരെ നമ്മള്‍ അവര്‍ക്ക് പ്രത്യേക മതം നല്‍കേണ്ടതില്ല. തിരിച്ചറിവാകുമ്പോള്‍, എല്ലാ മതങ്ങളെയും മനസ്സിലാക്കി അവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ… എന്നാണ് കേശവന്‍ നായരുടെ നിലപാട്.
”ശരി. എനിക്ക് ആദ്യം ജനിക്കുന്നത് ഒരു മോനാണെങ്കില്‍, എന്ത് പേര് വിളിക്കും..?” എന്ന സാറാമ്മയുടെ ചോദ്യത്തിന്, പല അഭിപ്രായങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. വിവിധ നാടുകളുടെ, സമുദായങ്ങളുടെ, പ്രതിഭാസങ്ങളുടെ…അങ്ങനെ പല പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. അതൊക്കെ വിളിക്കാന്‍ ഒരു സുഖക്കുറവ്. ഒടുവില്‍ നറുക്കിട്ട് തീരുമാനിക്കാന്‍ ധാരണയായി. നറുക്കിട്ടപ്പോള്‍ കിട്ടിയത് മിട്ടായി, ആകാശം എന്നീ നറുക്കുകള്‍. അവ കൂട്ടിച്ചേര്‍ത്ത് അവര്‍ ജനിക്കാന്‍ സാധ്യതയുള്ള മകന്റെ പേര് തീരുമാനിച്ചു. ”ആകാശമിട്ടായി”.
ശുഭപര്യവസായിയായിത്തീര്‍ന്ന ഈ കഥയുടെ ജന്മവും സംഭവിച്ചത് ബഷീര്‍ ജയിലില്‍ കഴിയുമ്പോഴാണ്. അനുഭവ ലോകത്തു നിന്ന് ധാരാളം കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിച്ച ബഷീര്‍, പ്രേമലേഖനത്തിലെ എല്ലാ കഥാപാത്രങ്ങളെയും സ്വന്തം ഭാവനയില്‍ നിന്നാണ് സൃഷ്ടിച്ചത്. പക്ഷെ, ഓരോ കഥാപാത്രവും തനിമയും വ്യക്തിത്വവുമുള്ളവരായി ഉയര്‍ന്നു നില്‍ക്കുന്നു. ഈ കഥയിലെ നായിക, നായകനെക്കാള്‍ ധീരതയും സഹജാവബോധവും പ്രകടിപ്പിക്കുന്നു. ബഷീറിന്റെ കൃതികളിലെല്ലാം ഇത്തരമൊരു സ്ത്രീ കേന്ദ്രീകൃത മാതൃക കാണാവുന്നതാണ്. ”എല്ലാ സ്ത്രീകളുടെയും തലയ്ക്കുള്ളില്‍ നിലാവെളിച്ചമാണ്” എന്നതിന് പിന്നീടുള്ള വിശദീകരണം, ‘അത് പ്രേമമാണ്’ എന്നതാണ്. സാറാമ്മ അത്തരം ധീരതയും യുക്തിയും പ്രായോഗികമായ അറിവുമുള്ള പെണ്ണാണ്. ദുര്‍ബലയായ ഒരു പെണ്‍ജീവിയല്ല. കേശവന്‍ നായരോട് സംസാരിക്കുമ്പോള്‍ അസാധാരണമായ അറിവും പക്വതയും അവള്‍ പ്രകടിപ്പിക്കുന്നുണ്ട്. നിലനില്‍ക്കുന്ന സാമൂഹികാവസ്ഥയെ വ്യത്യസ്ത മത-ജാതിക്കാരായ രണ്ടുപേര്‍ എങ്ങനെ തരണം ചെയ്യുമെന്ന ചോദ്യമാണ് കഥയിലെ പ്രധാന തന്തു. മത രഹിതമായ ഒരു മാനവ സമൂഹമെന്ന ചിന്ത തന്നെയാണോ ബഷീറിനെക്കൊണ്ട് ഇങ്ങനെ ഒരു നോവല്‍ സോദ്ദേശ്യമായിത്തന്നെ എഴുതിച്ചത് എന്നൊരു സംശയവും തോന്നാം. ഇതേ വിഷയങ്ങള്‍, ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന നിലയില്‍ ബഷീര്‍ തന്റെ മിക്ക കൃതികളിലും ഉന്നയിച്ചിട്ടുണ്ട്. അത്തരം സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ആസ്വാദക ലോകം ചര്‍ച്ച ചെയ്യുന്നതിനും അവ കരണമായിത്തീര്‍ന്നിട്ടുണ്ട്.
സ്ത്രീയുടെ പദവി, സുരക്ഷ, ഒരു പൗര എന്ന നിലയിലുള്ള വ്യക്തിത്വം എന്നിവയൊന്നും ചിന്താ വിഷയങ്ങള്‍ പോലും അല്ലാതിരുന്ന അക്കാലത്ത് ന്യായമായും ഈ കൃതി സുന്ദര സുരഭിലമായി ആസ്വദിക്കപ്പെട്ടു. അതേ, കാലത്തെ മനസ്സില്‍ പ്രതിഷ്ഠിച്ചു മാത്രമേ ഇപ്പോഴും ഈ കൃതി നമുക്ക് വായിക്കാന്‍ സാധിക്കൂ. തുല്യ പദവി, തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം, ധര്‍മ പത്‌നിക്കും മാതാവിനും ഉപരിയുള്ള ഒരു സ്ത്രീയുടെ സ്വത്വം ഇവയൊന്നും ചര്‍ച്ചാ വിഷയമേ അല്ല. അത്തരം അവകാശ ബോധങ്ങളോ നീതി ചിന്തകളോ അന്ന് സമൂഹത്തില്‍ വ്യാപകമായി ഉയര്‍ന്നു വന്നിരുന്നില്ല. അക്കാലത്തെ സാമൂഹിക സാഹചര്യങ്ങളെ ഏറ്റവും ഹൃദയ സ്പൃക്കായി, ഇതര എഴുത്തുകാരെക്കാള്‍ ഒരുപടി മുന്നിലേക്ക് കയറി നിന്ന് തുറന്ന ഹൃദയത്തോടെ, വിമര്‍ശന ബുദ്ധിയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ബഷീറിന്റെ വിജയം.
ഇപ്പോഴും ‘പ്രേമലേഖനം’ വായിക്കുമ്പോള്‍ ആസ്വാദകരില്‍ അനേകായിരം കേശവന്‍ നായരും സാറാമ്മയും സ്വത്വമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. നോവല്‍ എഴുതപ്പെടുന്ന കാലത്ത് ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലും സാധ്യമാവാതിരുന്ന സങ്കല്‍പമാണ്, മത രഹിത ജീവിതം എന്നത്. ദീര്‍ഘ കാലത്തെ ചിന്തയുടെയും പരിശ്രമത്തിന്റെയും ഫലമായി 1848 ഫെബ്രുവരിയിലാണ് ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ തയാറായത്. 1912ല്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള അത് വിവര്‍ത്തനം നിര്‍വഹിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ആ തീപ്പുസ്തകം കേരളത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും, കേരളത്തില്‍ കമ്യൂണ്‍ ജീവിതം അത്ര ശക്തമായിത്തീര്‍ന്നിരുന്നില്ല. പാര്‍ട്ടി സംവിധാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ച സോഷ്യലിസ്റ്റ് മാതൃകയെന്ന പകരംവെയ്പ് പുഷ്പിക്കാന്‍ പിന്നെയും സമയമെടുത്തു. ആശയ തലത്തില്‍ മലയാളിയുടെ ബൗദ്ധിക ലോകം അതിനെ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഒരു പ്രേരക ശക്തിയായി കരുതിയിരുന്നു.
എന്നിട്ടും, ‘പ്രേമലേഖനം’ എന്ന കാല്‍പനിക പ്രണയ കഥ മലയാളികളില്‍ വലിയൊരു പങ്കിനെ അസ്വസ്ഥരാക്കി. ജാതി-മതക്കോട്ടകള്‍ മുഖം ചുളിച്ച് വിമര്‍ശനമുന്നയിച്ചു. ജാതി-മത വേര്‍തിരിവുകളുടെ വൈതാളിക വൃന്ദം മൂക്ക് വിറപ്പിച്ചപ്പോള്‍,പൊന്നുടയതായ രാജാവിനും ആ പുസ്തകം നിരോധിക്കേണ്ടി വന്നു. ഒരിക്കലൂം നടക്കാന്‍ സാധ്യതയില്ലാത്ത ഒരു ഉട്ടോപ്യന്‍ സങ്കല്‍പം എന്നു വരെ ‘ആകാശ മിട്ടായി’ക്കെതിരെ കളിയാക്കലുണ്ടായി. അര ശതാബ്ദത്തിന് ശേഷം കേരളത്തില്‍ ഉണ്ടായി വന്ന ആകാശ മിട്ടായി തലമുറകള്‍, പ്രേമ ലേഖനത്തിലെ പോലെയോ സമാനമായതോ ഒക്കെയായ പുതിയ ചിന്തയുടെ പാതയിലെത്തിയ മത രഹിത, ജാതി രഹിത, ദൈവാചാര രഹിതരായ ആയിരക്കണക്കിന് ദമ്പതിമാരുടെ സുകൃതങ്ങളാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ലോകം കൂടുതല്‍ ഊര്‍ജസ്വലമായി ഏറ്റെടുക്കേണ്ടുന്ന ഒരു ദിവ്യ പ്രണയോപനിഷത്തായി ‘പ്രേമലേഖന’ത്തിലെ പ്രകൃതീ ബദ്ധമായ പ്രണയം ഇന്നും നിലനില്‍ക്കുന്നു. പ്രേമലേഖനം, അതാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാളിയുടെ സ്വന്തം ബഷീറിന്റെ അനശ്വര സ്മാരകം.

———————–