കോവിഡിനെതിരെ പോരാട്ടം : അബുദാബിയിൽ സ്വകാര്യ ആശുപത്രികൾ കോവിഡ് മുക്തമായി

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യമേഖലയുടെ നിരന്തരമായ ശ്രമങ്ങളുടെ വിജയം ഉയർത്തിക്കാട്ടുന്നതിനായി, അബുദാബി ആരോഗ്യവകുപ്പ് എമിറേറ്റിലെ എല്ലാ സ്വകാര്യ ആരോഗ്യ ആശുപത്രികളും ഇപ്പോൾ കോവിഡ് മുക്തമാണ് എന്ന് സ്ഥിരീകരിച്ചു.

അൽ ഐനിലെ ഐൻ അൽ ഖലീജ് ഹോസ്പിറ്റലിനു പുറമേ വിപിഎസ് ഹെൽത്ത് കെയർ, എൻ‌എം‌സി ഹെൽത്ത് കെയർ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഇപ്പോൾ പൂർണ്ണമായും കോവിഡ് മുക്തമാണ്. കൂടാതെ രോഗികൾക്ക് സമ്പൂർണ്ണ ആരോഗ്യ സേവനങ്ങൾ നൽകുന്നത് തുടരാൻ വേണ്ടത് സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി

കോവിഡ് രോഗികളെ പ്രത്യേകമായി സ്വീകരിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി എമിറേറ്റിലുടനീളമുള്ള നിരവധി ആശുപത്രികളെ നിയോഗിച്ചിട്ടുണ്ടെന്നും അബുദാബി ആരോഗ്യവകുപ്പ് വ്യക്തമാക്കി. അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ, അൽ ഐനിലെ അൽ ഐൻ ഹോസ്പിറ്റൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ശ്വാസകോശ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന അബുദാബിയിലെ പൗരന്മാരോടും താമസക്കാരോടും ഉചിതമായ പരിചരണം ലഭിക്കുന്നതിന് മേൽപ്പറഞ്ഞ ആശുപത്രികളിൽ സന്ദർശനം നടത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു