ഏജന്റ് വഞ്ചിച്ചു; പെരുവഴിയിലായ നിര്‍ധന തമിഴ് യുവതിക്ക് നാടണയാന്‍ അജ്മാന്‍ ഐഎസ്‌സി സഹായം

37

അജ്മാന്‍: ഏജന്റിനാല്‍ വഞ്ചിക്കപ്പെട്ട് പെരുവഴിയിലായ നിര്‍ധന തമിഴ് യുവതിക്ക് നാടണയാന്‍ അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ കാരുണ്യ ഹസ്തം. ജോലി തേടി ടൂറിസ്റ്റ് വിസയില്‍ ഫെബ്രുവരി 21ന് യുഎഇയില്‍ എത്തിയതായിരുന്നു വെല്ലൂര്‍ കാട്പാടി കാസിക്കുട്ടെ സ്വദേശിനിയായ 21കാരി.
നിത്യരോഗിയായ അച്ഛന്‍, കൂലിവേലക്കാരനായ ഭര്‍ത്താവ്, രണ്ടു സഹോദരങ്ങള്‍ എന്നിവരാണ് പട്ടിണിയും പരിവട്ടവുമുള്ള വീട്ടിലെ മറ്റംഗങ്ങള്‍. തരക്കേടില്ലാത്ത ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടുകാരന്‍ തന്നെയായ ഏജന്റ് മുഖേന എത്തിയതായിരുന്നു. 1.40 ലക്ഷം രൂപയാണ് ഈയിനത്തില്‍ ഏജന്റ് കൈപ്പറ്റിയത്. എന്നാല്‍, പ്രതീക്ഷിച്ച ജോലി കിട്ടിയില്ല. ഇതോടെ, അജ്മാനിലെ ഒരു തമിഴ് കുടുംബത്തില്‍ വീട്ടുവേലക്കാരിയായി. റെസിഡന്‍ഷ്യല്‍ വിസ എടുക്കാനുള്ള നടപടിയുടെ ഭാഗമായി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് യുവതി ഗര്‍ഭിണിയാണെന്ന് ബോധ്യപ്പെട്ടത്. അതോടെ, സ്‌പോണ്‍സര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന്, രണ്ടു മാസത്തോളം മറ്റൊരു സ്ഥലത്തായിരുന്നു താമസം.
മുറിവാടക കുടിശ്ശിക വന്നതോടെ ഏജന്റിനെ പലവട്ടം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഫ്‌ളാറ്റ് നടത്തിപ്പുകാരന്‍ മുറിയില്‍ നിന്ന് പുറത്താക്കി. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോള്‍ വലഞ്ഞ യുവതി സുമനസ്സുകള്‍ മുഖേനയാണ് അജ്മാന്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. യുവതിയുടെ ദയനീയത ബോധ്യപ്പെട്ട പൊലീസ്, അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററുമായി ബന്ധപ്പെടുകയായിരുന്നു. സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ്, ജന.സെക്രട്ടറി സുജി കുമാര്‍ പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍ ബേപ്പ്, ഷാഹിദാ അബൂബക്കര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി യുവതിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു.
ജാസിം മുഹമ്മദ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി വിവരങ്ങള്‍ ധരിപ്പിക്കുകയും യാത്രാനുമതി നേടിയെടുക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാറിന്റെ വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ സൗജന്യമായി ടിക്കറ്റ് എടുത്തു നല്‍കിയതും ഇന്ത്യന്‍ സോഷ്യല്‍ സെന്ററാണ്. ദുരിത ബാധിതരെ സഹായിക്കാന്‍ ഐഎസ്‌സി രൂപവത്കരിച്ച ചാരിറ്റി ഫണ്ടില്‍ നിന്നാണ് ടിക്കറ്റെടുത്തത്.