പ്രവാസി സങ്കടം കേള്‍ക്കാനാരുണ്ട്? പിഴിയാനുറച്ചു തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്!

244

അബുദാബി: പ്രവാസികളുടെ സങ്കടക്കണ്ണീര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. സങ്കടം കേള്‍ക്കാനില്ലാത്തവരായി പ്രവാസി ജീവിത യാത്ര തുടരുകയും ചെയ്യും. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി പതിവ് ശൈലിക്ക് മാറ്റം വരുത്താതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നാട്ടില്‍ നിന്നുള്ള മടക്കയാത്രക്ക് വന്‍ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവാസികളെ എങ്ങനെയും പിഴിയുകയെന്ന പതിവ് രീതി ഇവിടെ വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്.
നാട്ടില്‍ നിന്നുള്ള മടക്ക യാത്രക്ക് 29,659 രൂപയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഈടാക്കുന്നത്. തിരിച്ചു വരാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിശിഷ്യാ, ജോലിയില്ലാതെ നാലു മാസത്തിലധികം വിഷമിച്ചു കഴിഞ്ഞ ശേഷം സൗജന്യ ടിക്കറ്റിലും പലരുടെയും സഹായത്താലും നാട്ടിലെത്തിയവര്‍ക്ക് ഒരിക്കലും താങ്ങാനാവാത്ത തുകയാണിത്.
വണ്‍വേ സര്‍വീസ് മാത്രം നടത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വാങ്ങുന്ന നിരക്ക് കണക്കാക്കുകയാണെങ്കില്‍ പോലും ഇതിനെക്കാള്‍ കുറവാണ്. ഇരു വശങ്ങളിലേക്കും യാത്രക്കാരെ കൊണ്ടു പോകാന്‍ കഴിയുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അമിത നിരക്ക് കുറച്ചില്ലെങ്കില്‍ പ്രവാസികള്‍ ഇനിയും കൂടുതല്‍ പ്രയാസത്തിലേക്ക് പോകും.
പ്രവാസികള്‍ മാസങ്ങളോളം അനുഭവിച്ച യാത്രാ ക്‌ളേശത്തിന് അറുതിയാകുമെന്ന് കരുതിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരിട്ടുള്ള ബുക്കിംഗും പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുകയാണ്. 770 ദിര്‍ഹമിനാണ് ഇതു വരെ നാട്ടിലേക്കുള്ള ടിക്കറ്റ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 870 ആയി ഉയര്‍ന്നിട്ടുണ്ട്.