സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; ആരോപണങ്ങള്‍ ഗൗരവമുള്ളത്: പി.കെ കുഞ്ഞാലിക്കുട്ടി

    18

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കളളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും പുറത്ത് കൊണ്ടുവരാന്‍ സി .ബി .ഐ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
    എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയാണ്. സ്പ്രിംഗ്‌ളര്‍ ഇടപാടും ബെവ്‌കോ ആപ്പും മുതല്‍ അവസാനം പുറത്ത് വന്ന ഇ മൊബലിറ്റിയും പദ്ധതിവരെയുള്ള അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെടുന്നത്. സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുഖ്യന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരൊക്കെയാണ് ഇതിലെ പ്രതികളെ രക്ഷപെടുത്താനുള്ള നീക്കങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
    ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എതിരായുള്ള, ഇപ്പോള്‍ സംശയിക്കപ്പെടുന്ന സ്ത്രീക്ക് എങ്ങിനെ ഐ ടി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രധാനപ്പെട്ട ഒരു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു എന്നത് ദുരൂഹമാണ്. ആരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് എന്താണ് ഈ കാര്യങ്ങളിലെ ഉത്തരവാദിത്വം എന്നും പുറത്തുവരേണ്ടതുണ്ട്. സ്പ്രിംഗ്‌ളര്‍ അഴിമതിയുമായി ബന്ധപ്പെട്ട് താന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരെ ആരോപണമുന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷ നേതാവ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നുവെന്നാണ്. ഈ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ പങ്ക് സംശയാതീതമായി ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. അന്ന് താന്‍ പറഞ്ഞതിനെ പരിഹസിച്ച മുഖ്യമന്ത്രിക്ക് ഈ കൊള്ളയില്‍ ധാര്‍മികമായി ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
    മലപ്പുറം: നയതന്ത്ര ചാനലുകളെ ഉപയോഗപ്പെടുത്തിയുള്ള കള്ളക്കടത്ത് അതീവ ഗൗരവകരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സുരക്ഷയോടെ കൈകാര്യം ചെയ്യുന്ന ഇത്തരം സംവിധാനങ്ങളെ ദുരൂപയോഗപ്പെടുത്തിയുള്ള തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനു പിന്നില്‍ സര്‍ക്കാറിന് കീഴിലുള്ള വകുപ്പുകളിലെ ജീവനക്കാരുമുണ്ടെന്നാണ് വാര്‍ത്തകള്‍ വഴി അറിയാന്‍ സാധിച്ചത്. ഈ സാഹചര്യത്തില്‍ കൃത്യമായി അന്വേഷണം നടത്തണമെന്നും നിചസ്ഥിതി അറിഞ്ഞതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.