കഅബയില്‍ ഫേസ് മാസ്‌ക് ധരിച്ച് കിസ്‌വ ഉയര്‍ത്തുന്ന യജ്ഞത്തിലുള്ളവര്‍ (റോയിട്ടേഴ്‌സ് ചിത്രം)
അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി 160 രാജ്യങ്ങളില്‍ നിന്നുള്ളവരെ തെരഞ്ഞെടുത്തതായി ഹജ്ജ് കാര്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ സഊദിയിലുള്ള മുഴുവന്‍ രാജ്യക്കാരെയും പ്രതിനിധീകരിക്കുന്ന വിധത്തിലാണ് വളരെ സുതാര്യമായി തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തതെന്ന് ഡെപ്യൂട്ടി ഹജ്ജ് കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്ത് പറഞ്ഞു. ഹജ്ജുമായി ബന്ധപ്പെട്ട് സുരക്ഷാ ഹജ്ജിനിടെ ആരോഗ്യ, സുരക്ഷാ പ്രൊട്ടോകോളുകള്‍ ബാധകമാക്കുന്നതിന് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം പൂര്‍ണ തോതില്‍ ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മക്കയിലെത്തി. ഇവരെ പ്രത്യേകം സജ്ജമാക്കിയ ഹോട്ടലുകളില്‍ ക്വാറന്റീനില്‍ താമസിപ്പിച്ചിരിക്കുകയാണ്. ദുല്‍ഹജ്ജ് ഏഴിന് രാത്രിയോടെ വിശുദ്ധ കര്‍മം നിര്‍വഹിക്കാനുള്ള ഒരുക്കങ്ങളിലേക്ക് ഹാജിമാര്‍ പ്രവേശിക്കും.
പ്രത്യേക സാഹചര്യത്തില്‍, ഇക്കൊല്ലത്തെ ഹജ്ജ് പരിമിതപ്പെടുത്താനുള്ള സഊദിയുടെ തീരുമാനത്തെ ലോക രാജ്യങ്ങളിലുള്ള 1,200 മന്ത്രിമാരും പണ്ഡിതരും മുഫ്തിമാരും പ്രബോധകരും മുസ്‌ലിം നേതാക്കളും പ്രശംസിച്ചു. കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന ഭീഷണിക്കിടെ ഹജ്ജ് തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തു സൂക്ഷിക്കാന്‍ സഊദി കാണിക്കുന്ന അതീവ ശ്രദ്ധയെ ലോക മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരും പ്രശംസിച്ചു. ലോക മുസ്‌ലിംകളുടെയും മാനവ കുലത്തിന്റെയും താല്‍പര്യങ്ങള്‍ പ്രത്യേകം പരിഗണിച്ച സഊദി, ലോകം അനുഭവിക്കുന്ന അസാധാരണ സാഹചര്യത്തിലും ഹജ്ജ് നിര്‍ത്തി വെച്ചില്ല. ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ ആരോഗ്യ, സുരക്ഷാ കാര്യങ്ങളില്‍ സഊദി സ്വീകരിക്കുന്ന മുഴുവന്‍ നടപടികളോടും തീരുമാനങ്ങളോടും ലോക മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
അതേസമയം, ഇക്കൊല്ലത്തെ ഹജ്ജിന് നറുക്ക് വീണ ആഭ്യന്തര തീര്‍ത്ഥാടകര്‍ ഭൂരിഭാഗവും മക്കയിലെത്തി. ബാക്കിയുള്ളവര്‍ ഇന്ന് പുണ്യഭൂമിയിലെത്തും. മക്കയിലെ പ്രത്യേകം സംവിധാനിച്ച ഹോട്ടലില്‍ ഇവര്‍ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത് വരെ ക്വാറന്റീനില്‍ കഴിയണം. ഹജ്ജ് കാര്യ വകുപ്പിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സൂക്ഷ്മ നിരീക്ഷണത്തിലാണ് തീര്‍ത്ഥാടകര്‍. എണ്ണത്തില്‍ പരിമിതമാണെങ്കിലും വിശുദ്ധ കര്‍മം ഭംഗിയായി നിര്‍വഹിക്കാനുള്ള സര്‍വ സംവിധാനങ്ങളും വിശുദ്ധ മിന, മുസ്ദലിഫ, അറഫാ മൈതാനം എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി. തീര്‍ത്ഥാടകരുടെ ഉപയോഗത്തിന് വിശുദ്ധ ഹറമില്‍ 386 വൈദ്യുതി വണ്ടികളുണ്ടാകും. ഇതില്‍ 113 എണ്ണം ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്നവയും 263 എണ്ണം ഡബിള്‍ സീറ്ററുകളും പത്തെണ്ണം വിഐപിയുമാണ്. പ്രയാസ രഹിതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് ഹറം കാര്യ വകുപ്പ് മുഴുവന്‍ ശേഷികളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി വണ്ടികളുടെ ഉപയോഗത്തിന് പ്രത്യേക ട്രാക്കുകളും ട്രാക്കുകള്‍ക്കിടയില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി വണ്ടികളും സാദാ വീല്‍ ചെയറുകളും ലഭിക്കുന്ന സ്ഥലങ്ങള്‍ വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ ഹറമിന്റെ നിലത്ത് പതിച്ചിട്ടുണ്ട്. വൈദ്യുതി വണ്ടികള്‍ക്കുള്ള ഇടിക്കറ്റുകള്‍ക്ക് ആപ്പും പുറത്തിറക്കിയിട്ടുണ്ട്. തിരക്ക് കുറക്കാനും വീല്‍ ചെയര്‍ കൈമാറ്റം എളുപ്പമാക്കാനും ഇതിലൂടെ സാധിക്കും.
കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി വിശുദ്ധ ഹറമില്‍ സംസം വിതരണ ജാറുകള്‍ എടുത്തു നീക്കുകയും സംസം വിതരണ ടാപ്പുകള്‍ അടക്കുകയും ചെയ്തിട്ടുണ്ട്. പകരം, അണുവിമുക്തമാക്കിയ സംസം ബോട്ടിലുകളാണ് ഹറമില്‍ ഇപ്പോള്‍ വിശ്വാസികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. അഞ്ചു നേരത്തെയും നമസ്‌കാരങ്ങള്‍ക്കിടെ ദിവസേന പതിനായിരത്തിലേറെ സംസം ബോട്ടിലുകള്‍ ഹറമില്‍ വിതരണം ചെയ്യുന്നുണ്ട്. സംസം വിതരണത്തിന് 57 ജീവനക്കാരെ ഹറം കാര്യ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. മുന്‍കരുതല്‍, പ്രതിരോധ നടപടികളെല്ലാം പാലിച്ചാണ് ഹറമില്‍ സംസം വിതരണം ചെയ്യുന്നത്. ഹറമിന്റെ എല്ലാ ഭാഗങ്ങളിലും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ സംസം ബോട്ടില്‍ വിതരണമുണ്ടാകും. ഹറം കാര്യ വകുപ്പും ആരോഗ്യ മന്ത്രാലയവും ഹജ്ജ് മന്ത്രാലയവും ആഭ്യന്തര വകുപ്പും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന വിധത്തിലാണ് ഹജ്ജ് കര്‍മം പൂര്‍ത്തീകരിക്കുന്നത്. സുരക്ഷാ ഭടന്മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കൃത്യമായ നിയന്ത്രണത്തിലാകും തീര്‍ത്ഥാടകര്‍. മുന്‍കാലങ്ങളിലെ പോലെ സന്നദ്ധ പ്രവര്‍ത്തകരായ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് ഇത്തവണ സേവനത്തിന് അനുമതിയില്ല.