ആസ്റ്റര്‍ മിംസ് കാലിക്കറ്റ് ഫോര്‍ വേ കിഡ്‌നി സ്വാപ് ട്രാന്‍സ്പ്‌ളാന്റ് വിജയകരമായി പൂര്‍ത്തിയാക്കി

കോഴിക്കോട്/ദുബൈ: വൃക്ക മാറ്റിവെക്കല്‍ ആവശ്യമുള്ള 4 രോഗികളെ നാലു തരത്തിലുള്ള ദാതാക്കളുമായി ബന്ധിപ്പിച്ച് അനുയോജ്യമാണെന്ന് ഉറപ്പു വരുത്തിയ ക്രോസ് മാച്ചിംഗ് വഴി പുതിയ പ്രക്രിയയിലൂടെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാലിക്കറ്റില്‍ 4 ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു. ഇന്ത്യയിലെ ഒരു മെഡിക്കല്‍ സ്ഥാപനത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇത്തരത്തിലുളള രണ്ടാമത്തെ സങ്കീര്‍ണമായ ഓപറേഷന്‍ കൂടിയാണിത്. സ്വീകര്‍ത്താക്കളും ദാതാക്കളും പൂര്‍ണമായും സുഖം പ്രാപിക്കുന്നുവെന്ന് ഉറപ്പു വരുത്താനായി നിലവിലെ കോവിഡ് 19 മഹാമാരി സാഹചര്യത്തില്‍ എല്ലാ പ്രത്യേക മെഡിക്കല്‍ പ്രൊട്ടോകോളുകളും പിന്തുടര്‍ന്ന് 8 ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയ റീനല്‍ ട്രാന്‍സ്പ്‌ളാന്റ് ടീമിന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറില്‍ നിന്ന് പ്രത്യേക അഭിനന്ദനവും ലഭിച്ചു. ഫോര്‍ വേ സ്വാപ് ട്രാന്‍സ്പ്‌ളാന്റ് നടപടിക്രമങ്ങള്‍ വൃക്ക സംബന്ധമായ രോഗങ്ങളില്‍ നിന്നും ജീവന്‍ രക്ഷിക്കാനുള്ള ഫലപ്രദമായ പരിഹാരത്തിനുള്ള സാധ്യതകള്‍ തുറക്കുന്നതാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 1.36 ലക്ഷം പ്രായപൂര്‍ത്തിയായ പൗരന്മാരുടെ മരണങ്ങള്‍ക്ക് കാരണമാകുന്ന ഈയവസ്ഥ കൂടുതലും ഗുരുതരമായ വൃക്ക രോഗങ്ങള്‍ മൂലമാണുണ്ടാകുന്നത്.
റീട്രാന്‍സ്പ്‌ളാന്റ് ആവശ്യമുളള സംവേദനക്ഷമതയുളള രണ്ട് സ്ത്രീ രോഗികള്‍ ആരോഗ്യമുളള രണ്ടു ദാതാക്കളുമായി ആശുപത്രിയിലെത്തിയപ്പോഴാണ് ശസ്ത്രക്രിയാ നടപടികള്‍ക്ക് തുടക്കമിട്ടത്. രണ്ടു ദാതാക്കളിലും സര്‍വ ദാതാക്കളായി ഉപയോഗപ്പെടുത്താവുന്ന ഒ പോസിറ്റീവ് ബ്‌ളഡ് ഗ്രൂപ്പാണ് ഉണ്ടായിരുന്നത്. 6 മാസം നീണ്ട ക്രോസ് മാച്ചിംഗിന്റെ നിരവധി സെഷനുകള്‍ക്ക് ശേഷം രണ്ടു സ്ത്രീ രോഗികളുടെയും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അനുയോജ്യമായ ദാതാക്കളെ തിരിച്ചറിഞ്ഞു. മൂന്നാമത്തെ സ്വീകര്‍ത്താവിന് വൃക്ക നല്‍കാന്‍ അനുയോജ്യനായ ദാതാവ് സ്വയം സന്നദ്ധനായി മുന്നോട്ട് വരികയും ചെയ്തു. ഈ പ്രക്രിയക്കിടയില്‍ പൊരുത്തപ്പെടാത്ത ഒരു എബിഒ ജോഡിയെ, എബിഒ അനുയോജ്യ ജോഡിയായി പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. അതിലൂടെ ട്രാന്‍സ്പ്‌ളാന്റ് ടീമിന് നാലാമത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും സുഗമമാക്കാന്‍ സാധിച്ചു.
സ്വാപ് ട്രാന്‍സ്പ്‌ളാന്റിന്റെ വിജയം, നെഫ്രോളജിസ്റ്റുകളും രോഗികളും തമ്മിലുള്ള പരസ്പര ബഹുമാനത്തെയും വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ഈ ഓപറേഷനെ കുറിച്ച് സംസാരിച്ച നെഫ്രോളജി വകുപ്പ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സജിത് നാരായണന്‍ പറഞ്ഞു. ഈ മെഡിക്കല്‍ കേസുകളില്‍ രോഗികളും ദാതാക്കളും അവരുടെ കുടുംബങ്ങളും തങ്ങളുടെ മേല്‍ ചെലുത്തിയ വിശ്വാസത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും സങ്കീര്‍ണതകളിലൂടെ ഫലപ്രദമായി സഞ്ചരിക്കാനും 8 ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കാനും അത് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്പ്‌ളാന്റ് ഇമ്യൂണോളജി ലാബും നെഫ്രോളജി ടീമും നടത്തിയ ഇമ്യൂണോളജികല്‍ പ്രൊഫൈലിംഗിന് ശേഷം, എല്ലാ രോഗി ദാതാവ് ജോഡികളും വ്യക്തിഗത, ഗ്രൂപ് കൗണ്‍സലിംഗിന് വിധേയമായിരുന്നു. ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നൈതിക സമിതി എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്യുകയും ട്രാന്‍സ്പ്‌ളാന്റ് ടീം എല്ലാ വിലയിരുത്തലുകളും നടത്തി ശസ്ത്രക്രിയാ പദ്ധതി തയാറാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍, ഇതിന് സംസ്ഥാനത്തെ മേഖലാ ട്രാന്‍സ്പ്‌ളാന്റ് ഓഥറൈസേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, ആശുപത്രി മാനേജ്‌മെന്റ് മറ്റു നടപടികളിലേക്ക് കടക്കുകയും ട്രാന്‍സ്പ്‌ളാന്റ് ഡേ ലോജിസ്റ്റിക്‌സ് തയാറാക്കുകയും ചെയ്തു.
നാലു ദാതാക്കളെയും സ്വീകര്‍ത്താക്കളെയും ഒരു ദിവസം മുന്‍കൂട്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയ ശേഷം അടുത്ത ദിവസം രാവിലെ ട്രാന്‍സ്പ്‌ളാന്റിനായി ഓപറേഷന്‍ തിയ്യറ്ററിലേക്ക് കൊണ്ടു പോവുകയായിരുന്നു. രണ്ടു ട്രാന്‍സ്പ്ാാന്റ് ഒരേ ദിവസവും മറ്റു രണ്ട് ട്രാന്‍സ്പ്‌ളാന്റുകള്‍ തൊട്ടടുത്ത ദിവസവും പൂര്‍ത്തിയാക്കി. എല്ലാ ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും ശസ്ത്രക്രിയകള്‍ സങ്കീര്‍ണതകളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. നാലു സ്വീകര്‍ത്താക്കളും സ്വാഭാവികമായ യൂറിന്‍ ഔട്പുട്ട് പ്രകടിപ്പിച്ചു.
ഇതിനു മുന്‍പ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാലിക്കറ്റ്, ത്രീ വേ സ്വാപ് വൃക്ക മാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി സംസ്ഥാനത്തിന്റെ വൃക്ക മാറ്റിവെക്കല്‍ ചരിത്രത്തില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. ഈ പുതിയ പ്രക്രിയയുടെ വിജയത്തോടെ, അവയവ ദാനത്തിനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ഫലപ്രദവും പ്രായോഗികവുമായ പരിഹാരം വാഗ്ദാനം ചെയ്ത് ഫോര്‍ വേ സ്വാപ് ട്രാന്‍സ്പ്‌ളാന്റ് ഇന്ത്യയില്‍ സുപ്രധാനമായ ഒരു നേട്ടം അടയാളപ്പെടുത്തിയിരിക്കുകയാണ്.