പ്രവാസികള്‍ക്ക് നേരെ അക്രമം: ജിപിഎ നിവേദനം നല്‍കി

ഷാര്‍ജ: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളോട് സാമൂഹിക വിരുദ്ധര്‍ കാട്ടുന്ന ക്രൂരതക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷണര്‍ ഉള്‍പ്പടെ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഗ്‌ളോബല്‍ പ്രവാസി അസോസിയേഷന്‍ (ജിപിഎ) ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരി, പ്രസിഡന്റ് അഡ്വ. ശങ്കര്‍ നാരായണന്‍, സെക്രട്ടറി മുഹമ്മദ് യഹിയ, ട്രഷറര്‍ ഫര്‍സാന അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.
മഹാമാരിയുടെ വരവോടെ വിമാന സര്‍വീസുകള്‍ നിലച്ചത് പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളുടെയും വന്ദേ ഭാരത് മിഷന്റെയും സഹായത്തോടെ ഭീമമായ തുക മുടക്കിയാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് എത്തുന്നത്. എന്നാല്‍, നാടണയുന്നവര്‍ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും മുഖം തിരിക്കുന്ന പ്രവണതയും സമീപ വാസികളുടെ അക്രമങ്ങളും വര്‍ധിച്ചു വരികയാണ്.
പ്രതിസന്ധിയില്‍ നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് ജിപിഎ ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.