ഷാര്‍ജ: നാലു പതിറ്റാണ്ടോളം നീളുന്ന പ്രവാസ ജീവിതം മതിയാക്കി ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ബഷീര്‍ നാട്ടിലേക്ക് മടങ്ങി. 1982ല്‍ യുഎഇയില്‍ എത്തിയ ഇദ്ദേഹം, പത്തു വര്‍ഷത്തോളം ഷാര്‍ജ മുനിസിപ്പാലിറ്റിയിലും പിന്നീട് ‘ഷംസുല്‍ മആറഫ്’ ബുക ഷോപ്പില്‍ പത്തു വര്‍ഷവും ജോലി ചെയ്തു. അതിനു ശേഷം ഷാര്‍ജയിലെ ‘ഷുവൈഫാത് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ 18 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് നാട്ടിലേക്കുള്ള മടക്കം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റപ്പാലത്തുകാരുടെ പ്രാദേശിക കൂട്ടായ്മ സജീവമായിരുന്നപ്പോള്‍ നേതൃനിരയിലും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. എല്ലായ്‌പ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായ ബഷീര്‍ക്കയുടെ നിസ്വാര്‍ത്ഥ മനസ്സും ആത്മാര്‍ത്ഥമായ ഇടപെടലുകളും അന്‍പതില്‍ പരം ആളുകള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കാന്‍ സഹായിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക പ്രസിഡന്റായിരുന്ന അന്തരിച്ച പി.വി വിവേകാനന്ദിനോടൊപ്പം ഒറ്റപ്പാലം കൂട്ടായ്മയില്‍ നിന്നുകൊണ്ടും വ്യക്തിപരമായും വളരെ അടുത്ത സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള പ്രവാസ ജീവിതാനുഭവങ്ങള്‍ പറയുമ്പോള്‍ തനിക്ക് ഒരു ജ്യേഷ്ഠ സഹോദരനയാണ് നഷ്ടപ്പെട്ടതെന്ന് ബഷീര്‍ പറയുന്നു. പ്രവാസികള്‍ക്കിടയില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ പുന്നക്കന്‍ മുഹമ്മദലിയുമായി വളരെ അടുത്ത സൗഹൃദ ബന്ധമാണുള്ളത്.
സാമൂഹിക അകലം പാലിച്ച് കൊറോണെയെന്ന മഹാവിപത്തിനെ നേരിടുന്ന ഈ സമയത്ത് ഒരു വലിയ ഒത്തുകൂടല്‍ സാധ്യമല്ലാതിരുന്നിട്ടും നാട്ടുകാരില്‍ നിരവധിപേര്‍ സൂം മീറ്റിംഗിലൂടെ ഒത്തുകൂടി തങ്ങളുടെ പ്രിയപ്പെട്ട ബഷീര്‍ക്കക്ക് ലളിതമായ യാത്രയയപ്പ് നല്‍കി. എം.വി അബ്ബാസ്, വിജയ കുമാര്‍ നായര്‍, അക്ബര്‍ ഒ.കെ, ഉമ്മര്‍ ഒറ്റപ്പാലം എന്നിവര്‍ യാത്രയയപ്പ് യോഗത്തിന് നേതൃത്വം നല്‍കി.
ഈസ്റ്റ് ഒറ്റപ്പാലം വീട്ടിലകത്ത് കുടുംബത്തിലെ മുതിര്‍ന്ന മകനായ ബഷീര്‍ തന്റെ കുടുംബം പുലര്‍ത്താനായി നാട്ടില്‍ സ്വന്തമായി ഒരു കാര്‍ വാങ്ങുക എന്ന സ്വപ്നവുമായാണ് പൊടിമീശ മുളക്കുന്ന പ്രായത്തില്‍ സ്വപ്നങ്ങള്‍ ഏറെ പടുത്തുയര്‍ത്തിയ ദുബൈ മണലാരണ്യത്തില്‍ വന്നിറങ്ങുന്നത്. അന്നത്തെ വരുമാനം കൊണ്ട് അദ്ദേഹത്തിന്റെ സ്വപ്ന വണ്ടി വാങ്ങാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, തന്റെ സഹോദരങ്ങള്‍, ബന്ധുക്കള്‍ തുടങ്ങി കുടുംബത്തിലെ നിരവധി പേരെ യുഎഇയിലേക്ക് കൊണ്ടുവരാനും ജോലി തരപ്പെടുത്തി നല്‍കാനും സാധിച്ചതിലൂടെ നിരവധി പേര്‍ക്കാണ് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞത്.
ഇനിയുള്ള വിശ്രമ ജീവിതം നാട്ടില്‍ പ്രിയപത്‌നി സൈനബക്കും മക്കള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ബഷീര്‍ ആഗ്രഹിക്കുന്നത്. ദുബൈ ഇസ്‌ലാമിക് ബാങ്കില്‍ ഐ.ടി സപ്പോര്‍ട്ട് എഞ്ചിനീയറായ മൂത്ത മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷഹീദ എന്നിവര്‍ ഷാര്‍ജയില്‍ താമസിക്കുന്നു. രണ്ടാമത്തെ മകന്റെ പേര് മുഹമ്മദ് അഫ്‌സല്‍. ഒറ്റപ്പാലത്ത് ഐ.ടി മാജിക് കംപ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തുന്നു. ഇളയ മകന്‍ മുഹമ്മദ് അജ്മല്‍ നാലാം സെമസ്റ്റര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ഏക മകള്‍ ഫാത്തിമ അന്‍സിയ ബി.എസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്.