അബുദാബിയില്‍ നിബന്ധനകളോടെ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നു

  29
  ഉമ്മുല്‍ ഇമാറാത് പാര്‍ക്

  അബുദാബി: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവയില്‍ ചിലത് നിബന്ധനകളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അബുദാബിയില്‍ തീരുമാനമായി.
  ഇതനുസരിച്ച്, ജൂലൈ മൂന്നിനാണ് തെരഞ്ഞെടുത്ത ബീച്ചുകളും പാര്‍ക്കുകളും തുറക്കുക. എന്നാല്‍, കര്‍ശന നിബന്ധനകളോടെയാണ് വിനോദ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
  തലസ്ഥാന നഗരിയിലെ ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്ക്, ഖലീഫ പാര്‍ക്ക്, അല്‍ ഐന്‍ അല്‍സുലൈമി പാര്‍ക്ക്, അല്‍ദഫ്‌റ മദീന സായിദ് പബ്‌ളിക് പാര്‍ക്ക് എന്നീ പാര്‍ക്കുകളാണ് തുറക്കുക .കൂടാതെ, അബുദാബി കോര്‍ണിഷ് ബീച്ച്, അല്‍ഹുദൈറിയാത്ത് ബീച്ച്, അല്‍മിര്‍ഫ പബ്‌ളിക് ബീച്ച് എന്നീ ബീച്ചുകളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നുണ്ട്.
  എന്നാല്‍, പ്രവേശനത്തിന് മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം. നാലില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടുള്ളതല്ല. കൊറോണ പരിശോധന പൂര്‍ത്തിയാക്കിയ നെഗറ്റീവ് ഫലം ഉണ്ടായിരിക്കേണ്ടതാണ്. ശരീര താപനില പരിശോധിച്ച ശേഷം മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മാസ്‌കും ഗ്‌ളൗസും ധരിക്കണം, രണ്ടു മീറ്റര്‍ അകലം പാലിക്കണം. നിലവിലെ സൗകര്യങ്ങളുടെ 40 ശതമാനം പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.

  അല്‍ഹുദറിയാത് ദ്വീപും പാലവും