എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 15 കോടി വാഗ്ദാനം ചെയ്‌തെന്ന് ഗേലോട്ട്

    ജെയ്പൂര്‍: രാജ്യത്ത് കോവിഡ് 19 പടര്‍ന്നു പിടിക്കുമ്പോഴും നാണംകെട്ട രാഷ്ട്രീയ കുതിരക്കച്ചവടത്തിലാണ് ബി.ജെ.പിയുടെ കണ്ണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്. എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങി തന്റെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ. പി ഗൂഢ നീക്കം നടത്തുകയാണ്. 15 കോടി രൂപ വരെയാണ് എം.എല്‍.എമാര്‍ക്ക് കൂറുമാറാനായി ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഗേലോട്ട് ആരോപിച്ചു.
    കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള കഠിനാധ്വാനത്തിലാണ് തന്റെ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാവരേയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രതിപക്ഷമായ ബി.ജെ.പിയെപ്പോലും. എന്നാല്‍ ഇതിനിടയിലും നാണംകെട്ട നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാര അട്ടിമറിക്ക് വഴി തേടുകയാണവര്‍. ഇതിനായി എല്ലാ അതിരുകളും അവര്‍ ലംഘിക്കുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലും ഇക്കഴിഞ്ഞ ജൂണില്‍ മധ്യപ്രേദശിലും നടപ്പാക്കിയത് രാജസ്ഥാനിലും പയറ്റാനാണ് ബി.ജെ.പി നീക്കം. ഇതിനായി കോണ്‍ഗ്രസ് എം.എല്‍.എമാരെ അവര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം ജനം കണ്ടതാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ രാഷ്ട്രീയ അട്ടിമറിക്കു വേണ്ടി കേന്ദ്ര ഭരണത്തെപ്പോലും ദുരുപയോഗം ചെയ്‌തെന്നും ഗേലോട്ട് ആരോപിച്ചു.