കാത്തലിക് കോണ്‍ഗ്രസ് യുഎഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തി

ദുബൈ: കാത്തലിക് കോണ്‍ഗ്രസ് യുഎഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ദുബൈയില്‍ നിന്നും പുറപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങി. കോവിഡ് 19 വ്യാപനത്തിനിടയിലും സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍, അവരുടെ കുടുംബാംഗങ്ങള്‍, വിസിറ്റ് വിസയില്‍ ജോലിയന്വേഷിച്ചു വന്ന് മടങ്ങിപ്പോകാന്‍ കഴിയാതെ മാസങ്ങളായി ദുരിതത്തിലായവര്‍, ജോലി നഷ്ടപ്പെട്ടതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലായവര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകളും മറ്റുള്ള എല്ലാ യാത്രക്കാര്‍ക്കും വന്ദേ ഭാരത് വിമാനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കാനും കാത്തലിക് കോണ്‍ഗ്രസിന് സാധിച്ചു. വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ളവര്‍ക്കും നാനാ-ജാതി മതസ്ഥര്‍ക്കും ഈ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ നാട്ടിലെത്താനാവാതെ ദുരിതത്തിലായിരിക്കുന്ന പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ സാധിച്ചതില്‍ അതിയായ ചാരിതാര്‍ത്ഥ്യണ്ടെന്ന് കാത്തലിക് കോണ്‍ഗ്രസ് യുഎഇയുടെ പ്രസിഡന്റ് ബെന്നി പുളിക്കേക്കര പറഞ്ഞു.
ഷാര്‍ജ സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ.വര്‍ഗീസ് ചെമ്പോളി രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനത്തിന്റെയും ജബല്‍ അലി സെന്റ് ഫ്രാന്‍സിസ് അസ്സീസ്സി ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. ബിജു പണിക്കപ്പറമ്പില്‍ മൂന്നാമത്തെ ചാര്‍ട്ടേഡ് വിമാനത്തിന്റെയും ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. കാത്തലിക് കോണ്‍ഗ്രസ് പ്രസിഡണ്ട് ബെന്നി മാത്യു പുളിക്കേക്കര, ജന.സെക്രട്ടറി രഞ്ജിത് ജോസഫ്, വൈസ് പ്രസിഡന്റുമാരായ രാജീവ് ഏബ്രഹാം, ടോം അലക്‌സ്, ജോ.സെക്രട്ടറി നിക്കി ജോര്‍ജ്, ട്രഷറര്‍ മജോ ആന്റണി, മീഡിയ ഇന്‍ ചാര്‍ജ് ലിജു ചാണ്ടി, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് മാത്യു, എസ്എംസി പ്രസിഡന്റുമാരായ ബെന്നി തോമസ് (ദുബൈ), ഷാജു ജോസഫ് (ഷാര്‍ജ), മാത്യു പോള്‍ (അജ്മാന്‍) എന്നിവരും സന്നിഹിതരായിരുന്നു.
കാത്തലിക് കോണ്‍ഗ്രസ് യുഎഇയുടെ വര്‍ക്കിംഗ് കമ്മിറ്റി ഭാരവാഹികള്‍, എസ്എംസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കാനായത്. ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കാനായി എല്ലാ രൂപതകളിലും കാത്തലിക് കോണ്‍ഗ്രസ് ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചതായി ഗ്‌ളോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു.