ദുബൈ ഹാദിയ സിബിഐഎസ് കോഴ്‌സ് ആറാം ബാച്ച് ക്‌ളാസ് ഉദ്ഘാടനം അബ്ദുസ്സലാം ബാഖവി നിര്‍ഹിച്ചു

സിബിഐഎസ് പഠന കോഴ്‌സിന്റെ ആറാം ബാച്ച് ഉദ്ഘാടനം നിര്‍വഹിച്ച് സമസ്ത കേന്ദ്ര മുശാവറ അംഗവും ദുബൈ സുന്നി സെന്റര്‍ ഉപാധ്യക്ഷനുമായ അബ്സ്സലാം ബാഖവി സംസാരിക്കുന്നു

ദുബൈ: നാം സംസാരിക്കുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടണമെങ്കില്‍ ആ വാക്കുകള്‍ വിവസ്ത്രമാവാതിരിക്കണമെന്നും ‘ഇഖ്‌ലാസ്’ എന്ന പ്രകാശം കൊണ്ട് അവയെ ആവരണം ചെയ്യണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും ദുബൈ സുന്നി സെന്റര്‍ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സലാം ബാഖവി അഭിപ്രായപ്പെട്ടു. ദുബൈ ഹാദിയ പ്രവാസി സമൂഹത്തിന് വേണ്ടി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്‌ലാമിക് സ്റ്റഡീസ് (സിബിഐഎസ്) എന്ന ഒരു വര്‍ഷം നീളുന്ന പഠന കോഴ്‌സിന്റെ ആറാം ബാച്ച് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഖ്‌ലാസ് എന്നത് മനുഷ്യ ഹൃദയങ്ങളിലുണ്ടാകുന്ന ഒരു സംഗതിയാണ്. അത് മലായിക്കുകള്‍ക്കോ, പിശാചുകള്‍ക്കോ കാണാന്‍ സാധ്യമല്ല. അടിമയും ഉടമയും തമ്മിലുള്ള അതീവ രഹസ്യമായതാണത്.
മനസ്സിനെ ശുദ്ധീകരിക്കാനാവശ്യമായ ഒട്ടനവധി ആത്മീയമായ അറിവുകള്‍ പ്രവാചകാധ്യാപനത്തില്‍ നിന്നും കോറിയെടുത്ത് അഹിമ്മത്തുകളായ പണ്ഡിത മഹത്തുക്കളും ഇമാമുമാരും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
ഇമാം നവവി(റ)യടക്കമുള്ള പ്രഗല്‍ഭരുടെ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നും ചികഞ്ഞെടുത്ത് കോര്‍ത്തിണക്കിയതാണ് സിബിഐഎസ് പാഠ്യ പദ്ധതി. ഈ വഴിയില്‍ പ്രവേശിക്കുന്നതോട് കൂടി തന്നെ ഇലാഹി മാര്‍ഗത്തിലും അതുവഴി ആത്യന്തിക ലക്ഷ്യമായ പരലോക മോക്ഷത്തിലേക്കുമുള്ള വഴി തെരഞ്ഞെടുത്തിരിക്കുകയാണ്. ജീവിതത്തിരക്കുകള്‍ക്കിടയിലും ഇത്തരം നന്‍മകളിലേക്ക് എത്തിച്ചേര്‍ന്ന പഠിതാക്കളെ മുക്തകണ്ഠം പ്രശംസിക്കുന്നു -അബ്ദുസ്സലാം ബാഖവി കൂട്ടിച്ചേര്‍ത്തു
പ്രവാസ ലോകത്ത് കഴിയുന്ന വിശ്വാസി സമൂഹത്തിന് അടിസ്ഥാനപരമായ ഇസ്‌ലാമിക അറിവുകള്‍ പകരുകയെന്ന ഉദ്ദേശ്യത്തോടെ 2014ല്‍ ദുബൈയില്‍ ആരംഭിച്ച സിബിഐഎസ് കോഴ്‌സ് ഇന്ന് ദുബൈക്ക് പുറമെ അബുദാബി, അല്‍ ഐന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലെ മുന്നൂറില്‍ പരം വിദ്യാര്‍ത്ഥികളുമായി ആറാം ബാച്ചിലെത്തിയിരിക്കുകയാണ്. ഈ പഠന കോഴ്‌സില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹിമായ നല്‍കുന്ന ദാറുല്‍ ഹുദാ പൊതു വിദ്യഭ്യാസ സംരംഭമായ സിപറ്റിന്റെ അംഗീകാരത്തോടെയുള്ള സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം നീളുന്ന അഡ്വാന്‍സ്‌സ് കോഴ്‌സും ഇന്ന് നിലവിലുണ്ട്.
സൂം ആപ്പില്‍ സംഘടിപ്പിച്ച ക്‌ളാസ് ഉദ്ഘാടന സെഷനില്‍ യുഎഇ സിബിഐഎസ് കോഓര്‍ഡിനേഷന്‍ ഹിമായ ചെയര്‍മാന്‍ ഇഖ്ബാല്‍ ഹുദവി പ്രാര്‍ത്ഥന നടത്തി. ഹാദിയ ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് സാലിം ഹുദവി അധ്യക്ഷത വഹിച്ചു. ഹാദിയ സെക്രട്ടറി അബ്ദുല്‍ ഹകീം ഹുദവി സ്വാഗത ഭാഷണം നടത്തി. സിബിഐഎസ് പാഠ്യ പദ്ധതിയെ കുറിച്ച് സല്‍മാന്‍ ഹുദവി വിവരിച്ചു. ആത്മീയമായ അറിവുകളെപ്പറ്റിയും അവ നേടേണ്ട അനിവാര്യതയെ കുറിച്ചും അസ്ഗര്‍ അലി ഹുദവി ഉദ്‌ബോധനം നടത്തി. സിബിഐഎസിന് മുന്‍പും ശേഷവും എന്ന വിഷയത്തില്‍ സിബിഐഎസ് അഡ്വാന്‍സ്‌സ് കോഴ്‌സ് വിദ്യാര്‍ത്ഥിയായ നസീറുദ്ദീന്‍ തിരുവനന്തപുരം സംസാരിച്ചു.
സിബിഐഎസ് കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജലീല്‍ ഹുദവി സംഗമത്തിന് നന്ദി പ്രകാശിപ്പിച്ചു.