സ്വര്‍ണക്കടത്ത്; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ, ഒറ്റപ്പെട്ട് പിണറായി: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണം: കാനം രാജേന്ദ്രന്‍

  26

  തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇടതു മുന്നണിയില്‍ ഒറ്റപ്പെട്ട് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ പ്രത്യക്ഷമായിത്തന്നെ രംഗത്തെത്തിയതോടെ കൂടുതല്‍ പ്രതിരോധത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ആരോപണ നിഴലിലായ കേസില്‍ എന്‍.ഐ.എ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് എത്തുന്നതോടെ വരും ദിവസങ്ങളില്‍ സര്‍ക്കാറിനുമുന്നില്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാകും.
  സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം സര്‍ക്കാറിലെ പ്രമുഖര്‍ക്ക് നേരെ നീങ്ങുമ്പോള്‍ അതിലുള്ള അരിശം പൂര്‍ണമായി പ്രകടിപ്പിക്കുന്നതാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരസ്യ വിമര്‍ശനമുന്നയിക്കുക മാത്രമല്ല, സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കാനം ആവശ്യപ്പെടുകയും ചെയ്തു. സ്വര്‍ണക്കടത്ത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നാണ് സി.പി.ഐ നിലപാടെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നതല്ല ഇപ്പോഴത്തെ വിഷയമെന്നും സ്വര്‍ണം ആരയച്ചു ആര്‍ക്കുവേണ്ടി അയച്ചു എന്നിവയാണ് ആദ്യം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം കാര്യങ്ങളില്‍ സംശയത്തിന് അതീതമായിരിക്കണമെന്ന വിമര്‍ശനവും കാനം നം ഉന്നയിച്ചു. വിഷയം പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
  സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഐ.ടി സെക്രട്ടറിയെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നതാണ്. സ്പ്രിംക്ലര്‍ ഇടപാടില്‍ കാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഐ.ടി.സെക്രട്ടറി ഒരു കരാര്‍ ഉണ്ടാക്കി എന്നാണ് സി.പി.ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഏപ്രില്‍ 20ന് തന്നെ ആ കരാര്‍ റദ്ദാക്കണമെന്നും ഉത്തരവാദിയായ ഐ.ടി. സെക്രട്ടറിയെ ചുമതലയില്‍നിന്ന് മാറ്റണമെന്നും സി.പി.ഐ ആവശ്യപ്പെട്ടിരുന്നതായി കാനം വെളിപ്പെടുത്തി.
  ആരോപിതനായ വ്യക്തിയെ ഇപ്പോള്‍ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട് പലനിയമനങ്ങളെ സംബന്ധിച്ചും ആക്ഷേപം ഉയരുന്നുണ്ട്. അത്തരം നിയമനങ്ങളെല്ലാം സുതാര്യമായി നടത്തണം എന്നുതന്നെയാണ് സി.പി.ഐയുടെ നിലപാട്.
  ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു ധാരണകള്‍ സംബന്ധിച്ച് 1965-ലെ ചരിത്രം ഒന്നുകൂടി വായിക്കണമെന്നാണ് താന്‍ കോടിയേരിയോട് പറഞ്ഞത്. മുഖ്യമന്ത്രി ഔദ്യോഗിക വാര്‍ത്താ സമ്മേളത്തില്‍ അതിന് മറുപടി നല്‍കേണ്ട ആവശ്യമില്ലായിരുന്നു. അത് ഉചിതമായില്ല. അദ്ദേഹം ഒരു നിമിഷം പഴയ പാര്‍ട്ടി സെക്രട്ടറിയായിപ്പോയതുകൊണ്ടായിരിക്കാം അങ്ങനെ ചെയ്തതെന്നും കാനം പറഞ്ഞു.
  1965-ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തങ്ങള്‍ പറഞ്ഞത് ചരിത്ര വസ്തുതയാണ്. അക്കാര്യം ശരിയാണെന്ന് ഇ.എം.എസിന്റെ സമ്പൂര്‍ണ കൃതികള്‍ പരിശോധിച്ചാല്‍ മനസിലാകും. അന്ന് സി.പി.എം ഒറ്റയ്ക്കല്ല മത്സിച്ചത്. 29 സീറ്റില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ധാരണ ഉണ്ടായിരുന്നു. സ്വതന്ത്രന്മാരും ലീഗുമായി ചേര്‍ന്നും മത്സരിച്ചു. അതില്‍ അഞ്ചുപേര്‍ തിരികെ ലീഗില്‍ പോയി. ഇതൊക്കെ ചരിത്രമാണെന്നും കാനം പറഞ്ഞു. 1965-ലെ തെരഞ്ഞെടുപ്പിനെകുറിച്ച് ഇ.എം.എസ് എഴുതിയത് കാനം മാധ്യമങ്ങള്‍ക്കുമുന്നില്‍ വായിക്കുകയും ചെയ്തു.