ചെര്‍ക്കളം സ്മാരക മെഗാ രക്തദാന ക്യാമ്പ് ദുബൈയില്‍

23

ദുബൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ വേര്‍പാടിന് ജൂലൈ 27ന് രണ്ടു വര്‍ഷം തികയുകയാണ്. മലബാറിന്റെ, വിശിഷ്യാ കാസര്‍കോട് ജില്ലയുടെ തന്നെ വികസന ശില്‍പിയായ ചെര്‍ക്കളം അബ്ദുല്ലയുടെ വേര്‍പാട് ഇന്നും നികത്താനാവാത്ത വിടവായി തന്നെ നിലനില്‍ക്കുന്നു. ആ മഹാ നേതാവിന്റെ സ്മരണാര്‍ത്ഥം ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയവുമായി കൈന്‍ഡ്‌നസ് ബ്‌ളഡ് ഡൊണേഷന്‍ ടീമുമായി ചേര്‍ന്ന് ദുബൈ ഹെല്‍ത് അഥോറിറ്റിയുടെ ബ്‌ളഡ് ബാങ്കിലേക്ക് 1,000 യൂണിറ്റ് രക്തം ശേഖരിച്ച് നല്‍കുന്ന കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറാഴ്ചകളിലായി ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന രക്തദാന ക്യാമ്പ് വന്‍ വിജയമായിരുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം രക്തദാനം ചെയ്തത് യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീനായിരുന്നു. ക്യാമ്പിന് സമാപനം കുറിച്ച് ജൂലൈ 10ന് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 2 മണി വരെ ഊദ് മെഥാ അല്‍വസല്‍ ക്‌ളബ്ബില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.


ജില്ലയുടെ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മെഗാ ക്യാമ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ് മഞ്ചേശ്വരം, റഷീദ് ഹാജി കല്ലിങ്കാല്‍ കാസര്‍കോട്, യൂസുഫ് മുക്കൂട് ഉദുമ, ഹസൈനാര്‍ ബീജന്തടുക്ക കാഞ്ഞങ്ങാട്, റാഫി പള്ളിപ്പുറം തൃക്കരിപ്പൂര്‍ എന്നിവരെ ഓരോ മണ്ഡലങ്ങളുടെയും കോഓര്‍ഡിനേറ്റര്‍മായി നിയോഗിച്ചു. ജില്ലാ ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സലാം കന്ന്യാപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, മറ്റു ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹമ്മദ് ഇ.ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, സലാം തട്ടാഞ്ചേരി, കെ.പി അബ്ബാസ് കളനാട്, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം.സി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.