കണ്ണൂരിലേക്ക് ചാര്‍ട്ടേഡ് വിമാനമൊരുക്കി ദുബൈ-തലശ്ശേരി മണ്ഡലം കെഎംസിസി

73
ദുബൈ എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂരിലേക്കുള്ള ദുബൈ-തലശ്ശേരി മണ്ഡലം കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലെ ആദ്യ യാത്രക്കാരന് ടിക്കറ്റ് അല്‍ഷമാലി ഗ്രൂപ് എംഡി സി.കെ അബ്ദുല്‍ മജീദ് നല്‍കുന്നു. സ്റ്റേറ്റ്-ജില്ലാ-മണ്ഡലം ഭാരവാഹികള്‍ സമീപം

ദുബൈ: കോവിഡ് 19 കാലയളവില്‍ ദുബൈയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ച ദുബൈ-തലശ്ശേരി മണ്ഡലം കെഎംസിസി നേതൃത്വത്തില്‍ നൂറ്റി എഴുപതോളം യാത്രക്കാരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കണ്ണൂരിലേക്ക് ചാര്‍ട്ടേഡ് വിമാനം പറന്നു. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ദുബൈയില്‍ നിന്നും പുറപ്പെട്ട വിമാനം വൈകുന്നേരം മൂന്നു മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തി.
കോവിഡ് കാലത്ത് പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ ഏര്‍പ്പെടുത്തിയ വിമാനത്തില്‍ തലശ്ശേരിയിലും പരിസരങ്ങളിലുമുള്ളവരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ആദ്യ യാത്രികനുള്ള ടിക്കറ്റിന്റെയും ട്രാവല്‍ കിറ്റിന്റെയും വിതരണം അല്‍ഷമാലി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സി.കെ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. ദുബൈ കെഎംസിസി സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ നടത്തി വരുന്ന തുല്യതയില്ലാത്ത സേവന പ്രവര്‍ത്തനങ്ങളില്‍ എന്നും മികച്ച പിന്തുണ നല്‍കുന്ന തലശ്ശേരി മണ്ഡലം കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനം തലശ്ശേരിയിലെ മുഴുവന്‍ ആളുകള്‍ക്കും അഭിമാനം നല്‍കുന്ന പ്രവര്‍ത്തനമാണെന്ന് ദുബൈ കെഎംസിസി ഉപദേശക സമിതിയംഗം കൂടിയായ സി.കെ അബ്ദുല്‍ മജീദ് പറഞ്ഞു.
ദുബൈ കെഎംസിസി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, വൈസ് പ്രഡിഡന്റ് റഈസ് തലശ്ശേരി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി റഹ്ദാദ് മൂഴിക്കര, തലശ്ശേരി മണ്ഡലം കെഎംസിസി പ്രസിഡണ്ട് റഫീഖ് കോറോത്, ജന.സെക്രട്ടറി സിറാജ് കതിരൂര്‍, ഭാരവാഹികളായ ഫാറൂഖ് പുന്നോല്‍, സഹീര്‍ ചമ്പാട്, യൂനുസ് പെരിങ്ങാടി, നവാസ് പൊന്നമ്പത്, മഹ്ബൂബ് കതിരൂര്‍, മുഹമ്മദ് റസ, ഷംനാസ് ചമ്പാട് സംബന്ധിച്ചു.