പ്രവാസികള്‍ക്കുള്ള സഹായധനം: മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് യുഎഇ കെഎംസിസി

75

ഫുജൈറ: കോവിഡ് ബാധിച്ചവരും കോവിഡ് ബാധ കാരണം നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരുമായ പ്രവാസി മലയാളികള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഒരു സഹായവും ഇതു വരെ ലഭ്യമാക്കിയില്ലെന്നും മുഖ്യമന്ത്രി വാക്കു പാലിക്കാന്‍ തയാറാവണമെന്നും യുഎഇ കെഎംസിസി നേതാക്കള്‍ ആവശ്യപ്പെട്ടു. കോവിഡ് ദുരിത നിവാരണത്തിന്റെ ഭാഗമായി പ്രവാസികളുടെ പേരില്‍ കേരള സര്‍ക്കാര്‍ നടത്തിയ മുഴുവന്‍ പ്രഖ്യാപനങ്ങളും വ്യാജമായി. ഒരൊറ്റ വാഗ്ദാനം പോലും പാലിക്കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാറോ തയാറായില്ല.
പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5,000 രൂപ പോലും ഇതു വരെ വിതരണം ചെയ്തില്ല – കെഎംസിസി നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രവാസികള്‍ക്ക് ആശ്വാസ ധനസഹായം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. നോര്‍ക റൂട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് 19 പോസിറ്റീവായവര്‍ക്ക് പോലും ഇതു വരെ സഹായമൊന്നും കിട്ടിയില്ല. 10,000 രൂപ വീതം അടിയന്തിര സഹായം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രവാസികളെ പറഞ്ഞു പറ്റിക്കുന്ന പണിയായി. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ക്കും ലോക്ക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ സാധിക്കാത്തവര്‍ക്കും ഇക്കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായം ആര്‍ക്കും കിട്ടിയില്ല. മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ വെറുംവാക്കുകള്‍ മാത്രമാണെന്ന് ബോധ്യമായെന്നും കെഎംസിസി നേതാക്കള്‍ വിശദീകരിച്ചു.
പ്രവാസികളുടെ പ്രയാസങ്ങള്‍ എല്ലാവരിലും വലിയ വിഷമം ഉണ്ടാക്കുന്നതാണെന്നും പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയുണ്ട് കേരള സര്‍ക്കാറിനെന്നും ആവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രി പ്രവാസികളെ ആവര്‍ത്തിച്ചു വഞ്ചിക്കുകയാണ്. പ്രവാസികളുടെ ക്വാറന്റീന്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും ചെലവുകള്‍ സംസ്ഥാനം വഹിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി പിന്നീട് കാലു മാറി. ഇതേ സമീപനമാണ് എല്ലാ വിഷയത്തിലും തുടരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായമെങ്കിലും പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നില്ലെങ്കില്‍ വിവിധ പ്രവാസി സംഘടനകളുമായി ചേര്‍ന്നുള്ള പ്രക്ഷോഭ പരിപാടികളാണ് കെഎംസിസി ആലോചിക്കുന്നതെന്നും നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, നിസാര്‍ തളങ്കര, യു.അബ്ദുല്ല ഫാറൂഖി, അഷ്‌റഫ് പള്ളിക്കണ്ടം, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എം.പി.എം റഷീദ്, അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി, പി.കെ.എ കരീം, സൂപ്പി പാതിരിപ്പറ്റ, അബു ചിറക്കല്‍, മുസ്തഫ മുട്ടുങ്ങല്‍ എന്നിവര്‍ വ്യക്തമാക്കി.