ഇന്ത്യക്കാരടക്കം ഏഴു രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം നിരോധിച്ചു

52

കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ അടക്കം ഏഴ് രാജ്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത് സര്‍ക്കാര്‍. മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ ഇറാന്‍, ബംഗ്‌ളാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ രാജ്യങ്ങളില്‍ നിന്നും ഒഴികെയുള്ള എല്ലാവര്‍ക്കും കുവൈത്തിലേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങള്‍ ഉണ്ടാവില്ല.
ആഗസ്ത് 1 മുതല്‍ കുവൈത്തില്‍ വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കാനിരിക്കെ കുവൈത്തിന്റെ ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം എന്തെന്നു വ്യക്തമല്ല. ഈ രാജ്യക്കാര്‍ക്കിടയില്‍ വിശിഷ്യാ, മലയാളികളടക്കമുള്ള ഇന്ത്യക്കാരില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണിത്.
നേരെത്തെ, കുവൈത്തിലേക്ക് തിരിച്ചു വരുന്നവര്‍ക്കുള്ള കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പിസിആര്‍ പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു.
അതനുസരിച്ച് 1,310 കേന്ദ്രങ്ങള്‍ക്കാണ് ഇന്ത്യയില്‍ പരിശോധന നടത്താനുള്ള അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നും 55 കേന്ദ്രങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇവയില്‍ 27 സര്‍ക്കാര്‍ സ്ഥാപനങ്ങളും 28 സ്വകാര്യ സ്ഥാപനങ്ങളുമാണുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പരിശോധന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധന നടത്തി 96 മണിക്കൂര്‍ നേരത്തെക്കായിരിക്കും പിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത നിലനില്‍ക്കുക. ഇക്കാരണത്താല്‍ യാത്രക്കാര്‍ വിമാനം കുവൈത്തില്‍ എത്തുന്ന സമയവും പരിശോധനാ ഫലം പുറപ്പെടുവിച്ച സമയവും തമ്മില്‍ പൊരുത്തപ്പെടുന്ന രീതിയില്‍ ആയിരിക്കണം യാത്ര ക്രമീകരിക്കേണ്ടത്. താഴെ നല്‍കിയിരിക്കുന്ന പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള പരിശോധനാ കേന്ദ്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 349 മുതല്‍ 369 വരെയുള്ള ക്രമ നമ്പറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും 142 മുതല്‍ 167 വരെയുള്ള ക്രമ നമ്പറില്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും പേരു വിവരങ്ങളാണ് ചേര്‍ത്തിരിക്കുന്നത്.
പുതിയ തീരുമാന പ്രകാരം ദീര്‍ഘ കാലമായി നാട്ടില്‍ നിന്നും വരാന്‍ കഴിയാത്തവര്‍ ഇനി എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്.