സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന രാഷ്ട്രിയത്തെ ഇളക്കി മറിക്കുമ്പോള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ മൗനം. വിവാദം തല പൊക്കിയ ദിവസങ്ങളില്‍ നിഷേധ പ്രതികരണങ്ങളുമായി രംഗത്ത് വന്ന പിണറായി വിജയന്‍ ഇന്നലെ പ്രധാനമന്ത്രിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചുവെങ്കിലും പതിവ് വാര്‍ത്താ സമ്മേളനം നടത്തിയില്ല. പ്രതിപക്ഷം ഒന്നടങ്കം അദ്ദേഹത്തിന്റെ രാജിക്കായി രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പിയും നിലപാട് കടുപ്പിച്ചു. കേന്ദ്ര സഹ മന്ത്രി വി.മുരളീധരന്‍ വ്യക്തിഗതമായി തന്നെ പിണറായി വിജയനെ അധിക്ഷേപിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല. അതേ സമയം ഇടത് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ സ്വന്തം പത്രത്തിലുടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമര്‍ശങ്ങളും നടത്തി. കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിനെ നാലാം ദിവസവും ആഭ്യന്തര വകുപ്പന് കണ്ടെത്താനായിട്ടില്ല.
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഉടന്‍ രാജിവയ്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനമുള്ള ഒരു സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യക്ഷമായി ഇടപെട്ടു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജിവക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ പുറത്ത് വന്നതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നത്. വിവാദ നായികയായ സ്ത്രീ സര്‍ക്കാരിന് കീഴിലുള്ള ഐടി ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ഉദ്യോഗസ്ഥയല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അവര്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഒരു സ്ഥാപനത്തിലെ ഉദ്യേഗസ്ഥയാണെന്ന് വ്യക്തമായിരിക്കുകയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീ സര്‍ക്കാരുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് വ്യക്തമായിരിക്കുകയാണ്. വിവാദ സ്ത്രീയെ താന്‍ അറിയില്ലന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.. ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലില്‍ നടന്ന എഡ്ജ് 2020 സ്പേസ് കോണ്‍ക്ളേവ് എന്ന പരിപാടിയുടെ മുഖ്യസംഘാടക ഈ വിവാദ വനിതയായിരുന്നുവെന്ന് തെളിവുകള്‍ നിരത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എല്ലാവര്‍ക്കും ക്ഷണക്കത്ത് കൊടുത്തതും ഇവരുടെ പേരിലായിരുന്നു.