മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമെന്ന് കേന്ദ്ര സര്‍ക്കാര്‍

    11

    ന്യൂഡല്‍ഹി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണസംവിധാനത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് ഈ കേസുമായുള്ള ബന്ധം പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്, എന്നാല്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. കേസില്‍ പഴുതടച്ച അന്വേഷണമുണ്ടാവും. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവരും.
    കേസുമായി ബന്ധപ്പെട്ട് വളരെ ദുരൂഹമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. ഭരണസംവിധാനത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് ഈ കേസുമായുള്ള ബന്ധം പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് അദ്ദേഹം പറയുന്നത്. വിമാനത്താവളങ്ങള്‍ കേന്ദ്രത്തിന് കീഴിലായതുകൊണ്ടുതന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണത്തിലുള്ള കള്ളക്കടത്ത് കയ്യോടെ പിടികൂടിയത്. അക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവും. അതേസമയം, ഈ കേസില്‍ മുഖ്യമന്ത്രിയും സര്‍ക്കാരിന്റെ ഏജന്‍സികളും എന്ത് ചെയ്യുന്നുവെന്നാണ് കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത്. മുഖ്യമന്ത്രിയുടെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥാനാണ് ഇപ്പോള്‍ കള്ളക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനായിരുന്ന ആള്‍ക്ക് കേസിലെ പ്രതികളുമായിട്ടുള്ള ഉറ്റബന്ധം വ്യക്തമായിട്ടും ഇയാള്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് ഉത്തരവാദിത്തമാണ് ഉള്ളതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ഐ.ടി. വകുുപ്പിലെ ഒരു ജീവനക്കാരിയാണ് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായിരിക്കുന്നത്. അത് മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. ഒരു കരാര്‍ ജീവനക്കാരി മാത്രമായിട്ടുള്ള ഈ സ്ത്രീ എങ്ങനെ സംസ്ഥാനസര്‍ക്കാരിന്റെ പൊതുപരിപാടികളുടെ മുഖ്യസംഘാടകയും നടത്തിപ്പുകാരിയുമായി മാറി. അതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവുമോഎന്നും അദ്ദേഹം ചോദിച്ചു. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

    വി.മുരളീധരന്‍ നിര്‍മലയെ കണ്ടു; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍
    ന്യൂഡല്‍ഹി: സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്ത് കേസ് വളരെ കര്‍ശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച നടന്നത്. പരോക്ഷ നികുതി ബോര്‍ഡിനോട് ധനമന്ത്രി ഈ കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോ എന്നും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന്റെ ഗതി എങ്ങോട്ടാണെന്ന് വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തിന് തീരുമാനമെടുക്കൂ എന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.