സംസ്ഥാനത്ത് കോവിഡ് വ്യാപന ആശങ്ക

  143 പേര്‍ക്ക് രോഗമുക്തി അമിതാഭ് ബച്ചനും കോവിഡ്

  തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് സ്ഥിരീകരണം 500 ലേക്ക് അടുക്കുന്നു. ഇന്നലെ 488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന സമൂഹ വ്യാപന സാധ്യത സംബന്ധിച്ച ആശങ്ക ശക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കം വഴി കോവിഡ് പകര്‍ന്നത് 234 പേര്‍ക്കാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രതിദിന കോവിഡ് സ്ഥിരീകരണവും സമ്പര്‍ക്ക രോഗബാധയും ഇത്ര ഉയര്‍ന്ന നിരക്കിലേക്ക് എത്തുന്നത്. അതിനിടെ മുംബൈയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത രാത്രി വൈകി വന്നു. സൂപ്പര്‍ താരം അമിതാബ് ബച്ചന്‍ രോഗ ബാധിതനാണ്. ബച്ചന്‍ തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
  ആലപ്പുഴ ജില്ലയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. 87 പേര്‍ക്ക്. സമ്പര്‍ക്കം വഴി ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് തിരുവനന്തപുരം ജില്ലയിലാണ്. 57പേര്‍ക്ക്. മറ്റു ജില്ലകളില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം-69 പത്തനംതിട്ട -54 , മലപ്പുറം- 51 , പാലക്കാട് -48 , എറണാകുളം- 47(ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍- 29 ,കണ്ണൂര്‍ -19 , കൊല്ലം, കാസര്‍കോട് -18 വീതം, കോഴിക്കോട് -17 , കോട്ടയം- 15 , വയനാട്- 11 , ഇടുക്കി- 5 .
  രണ്ട് കോവിഡ് മരണവും ഇന്നലെ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ച ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ച പി.കെ. ബാലകൃഷ്ണന്‍ നായര്‍ (79)ക്ക് കോവിഡ് സ്ഥിരീകരിച്ചു, കോവിഡ്-19 രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലായിരുന്ന സെയ്ഫുദ്ദീന്‍ (66) ആണ് മരിച്ച മറ്റൊരാള്‍. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 29 ആയി.
  ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച 234 പേരില്‍ 57 കേസുകളും തിരുവനന്തപുരം ജില്ലയിലാണ്. മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെ: ആലപ്പുഴ – 51 , എറണാകുളം -35 , പത്തനംതിട്ട- 29 , മലപ്പുറം – 27 , കോഴിക്കോട് – 10 , കൊല്ലം – 9 , കാസര്‍ക്കോട് – 7 , തൃശൂര്‍, കോട്ടയം- 4 വിതം, കണ്ണൂര്‍- ഒന്ന്.
  മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 4 ഡി.എസ്.സി. ജവാന്‍മാര്‍ക്കും, ആലപ്പുഴ ജില്ലയിലെ 2 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ജില്ലയിലെ ഓരോ ബി.എസ്.എഫ്. ജവാന്‍മാര്‍ക്ക് വീതവും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് 143 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട43 പേരുടെയും, കൊല്ലം26 പേരുടെയും, തൃശൂര്‍17 പേരുടെയും, മലപ്പുറം15 പേരുടെയും, ആലപ്പുഴ11 പേരുടെയും, പാലക്കാട്7 പേരുടെയും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, എറണാകുളം3 പേരുടെയും കണ്ണൂര്‍ഒരാളുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.