50ല്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും കോവിഡ് സൗജന്യ പരിശോധന ലഭ്യം

    119

    അബുദാബി: കൊറോണ പരിശോധന ആര്‍ക്കെല്ലാം സൗജന്യമായി ലഭിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാതെ ഇപ്പോഴും പലരും പ്രയാസപ്പെടുന്നുണ്ട്. അക്കാര്യത്തില്‍ അറിവ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
    കൊറോണ മുക്തമായ രാജ്യമെന്ന ലക്ഷ്യവുമായി ആരോഗ്യ വിഭാഗത്തിന് കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. അബുദാബി കിരീടാവകാശിയും യുഎഇ സായു ധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദേശ പ്രകാരം വിവിധ വിഭാഗക്കാര്‍ക്ക് ആദ്യ പരിശോധന സൗജന്യമാണ്.
    യുഎഇ പൗരന്മാര്‍, വീട്ടുജോലിക്കാര്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, അമ്പത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍, കൊറോണ രോഗബാധയുടെ ലക്ഷണമുള്ളവര്‍, കൊറോണ രോഗികളുമായി അടുത്തിടപഴകിയവര്‍ എന്നിവര്‍ക്കാണ് ആദ്യ ഒരു തവണ സൗജന്യമായി പരിശോധന ലഭിക്കുക. വീണ്ടും പരിശോധന ആവശ്യമുള്ളവര്‍ 370 ദിര്‍ഹം നല്‍കണം. പരിശോധനാ ഫലം മൊബൈലില്‍ അല്‍ഹുസന്‍ ആപ്പ് വഴി അറിയിക്കുന്നതാണ്.
    പരിശോധനക്കായി 800 1717 എന്ന നമ്പറില്‍ വിളിച്ച് അപോയിന്‍മെന്റ് എടുക്കാവുന്നതാണ്. അതത് ദിവസം തന്നെ പരിശോധനക്കുള്ള അനുമതി ലഭിക്കും. ദുബൈയിലെ മീനാ റാഷിദ്, അല്‍ഖവാനീജ് ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ വെള്ളി, ശനി ദിനങ്ങളിലും പരിശോധന ലഭ്യമാണ്. പരിശോധനാ തുക ബാങ്ക് കാര്‍ഡ് വഴി അടക്കാന്‍ കഴിയും.