ജിസിസിയില്‍ കൊറോണ ബാധിതര്‍ 5.2 ലക്ഷം കവിഞ്ഞു; മരണം 3,357

18

റസാഖ് ഒരുമനയൂര്‍
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം 5.2 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 521,888 പേരാണ് ഇതു വരെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19ന് വിധേയരായത്. കൊറോണ മൂലം മരിച്ചവരുടെ എണ്ണം 3,357 ആയി ഉയര്‍ന്നു.
സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിനിരയായത്. 2,151 പേരാണ് കൊറോണ ബാധിച്ച് സഊദി അറേബ്യയില്‍ മരിച്ചത്. സൗദിയില്‍ 2,26,486 പേരാണ് ഇതു വരെ രോഗബാധിതരായി സ്ഥിരീകരിച്ചത്. ഇതില്‍ 163,026 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. 61,309 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
മരണ നിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള കുവൈത്തില്‍ 383 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇവിടെ മൊത്തം 53,580 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം മാറിയവര്‍ 43,214 ആണ്. 9,983 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 427,006 കോവിഡ് പരിശോധനകളാണ് കുവൈത്തില്‍ ഇതു വരെ നടത്തിയത്.
രോഗബാധിതരുടെ കാര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ രണ്ടാം സ്ഥാനത്തുള്ള ഖത്തറില്‍ 102,630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 പേര്‍ക്കാണ് കോവിഡ് മൂലം ഖത്തറില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 4,251പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 4,04,868 കോവിഡ് പരിശോധനകളാണ് ഇതു വരെ നടന്നത്.
യുഎഇയില്‍ 54,050 പേരാണ് രോഗബാധിതരായി സ്ഥിരീകരിച്ചത്. ഇതില്‍ 9,751 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതു വരെ 330 പേരുടെ മരണമാണ് യുഎഇയില്‍ സ്ഥിരീകരിച്ചത്. അണുബാധ പ്രതിരോധിക്കുന്നതില്‍ യുഎഇ കൈക്കൊണ്ട നടപടികള്‍ രോഗവ്യാപന വ്യാപ്തി കുറക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.
ഒമാനില്‍ അതിവേഗമാണ് കൊറോണ പടരുന്നത്. വെള്ളിയാഴ്ച മാത്രം 1,889 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 53,614 പേരാണ് ഇതിനകം രോഗികളായി മാറിയത്. 244 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 19,145 പേര്‍ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2,31,211 കോവിഡ് പരിശോധനകളാണ് ഒമാനില്‍ ഇതു വരെ നടന്നത്.
ബഹ്‌റൈനില്‍ 31,528 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. 103 പേര്‍ക്ക് മരണം സംഭവിച്ചു. 4,905 പേര്‍ ചികിത്സയില്‍ കഴിയുന്നു. മറ്റുള്ളവരെല്ലാം രോഗമുക്തി നേടിയവരാണ്. 640,219 കോവിഡ് പരിശോധനകള്‍ ബഹ്‌റൈനില്‍ നടത്തുകയുണ്ടായി.