കൊറോണ സ്‌ക്രീനിംഗ് സെന്ററുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തക്കും

  191

  അബുദാബി: ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സ്‌ക്രീനിംഗ് സെന്ററുകള്‍ വാരാന്ത്യ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
  അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ പരിശോധനാ സൗകര്യം കൂടുതല്‍ വിപുലമാക്കുകയെന്ന ല ക്ഷ്യത്തോടെയാണ് അവധി ദിവസങ്ങളിലും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
  ഇതനുസരിച്ച് വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് സ്‌ക്രീനിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ആംബുലേറ്ററി ഹെല്‍ത് കെയര്‍ സര്‍വീസസ് (എഎച്ച്എസ്) അറിയിപ്പില്‍ വ്യക്തമാക്കി.
  വിവിധ എമിറേറ്റുകളിലെ എട്ട് കേന്ദ്രങ്ങളാണ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുക. ദുബൈയിലെ മീനാ റാഷിദ്, അല്‍ഖവാനീജ് എന്നീ രണ്ടും കേന്ദ്രങ്ങളും ഷാര്‍ജ, അജ് മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലുമാണ് അവധി ദിനങ്ങളിലും പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
  അബുദാബിയിലേക്കുള്ള പ്രവേശനം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ ഇതര എമിറേറ്റുകളിലെ കോവിഡ് 19 പരിശോധനാ സൗകര്യം ഇരട്ടിയാക്കിയിട്ടുള്ളതായി എഎച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹവാസ് അല്‍സദീദ് വ്യക്തമാക്കി.
  അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കുന്ന 12 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനാ ഫലം കാണിക്കണമെന്ന് ചീഫ് ഓപറേഷന്‍ ഓഫീസര്‍ ഡോ. നൂറ അല്‍ഗൈഥി പറഞ്ഞു. സൗകര്യം വര്‍ധിപ്പിച്ചതിനാല്‍ അതത് ദിവസം തന്നെ അപോയിന്‍മെന്റ് ലഭ്യമാകുമെന്ന് അവര്‍ വ്യക്തമാക്കി. 800 1717 എന്ന നമ്പറില്‍ വിളിച്ച് അപോയിന്‍മെന്റ് എടുക്കാവുന്നതാണ്. പരിശോധനാ തുക ബാങ്ക് കാര്‍ഡ് വഴി അടക്കാന്‍ കഴിയും.
  48 മണിക്കൂറിനകം കോവിഡ് 19 പരിശോധന നടത്തി നഗറ്റീവ് ഫലം ലഭിച്ച എല്ലാവര്‍ക്കും അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടെന്ന് അബുദാബി പൊലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്.