നാട്ടില്‍ മുഴുവന്‍ പ്രവാസികള്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി ആശങ്കയകറ്റണം: കെഎംസിസി

32

ദുബൈ: നാട്ടിലെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും ആശങ്കകള്‍ അകറ്റണമെന്നും പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനും പൊതു ഇടപെടലുകള്‍ക്കും പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കും അത് പരിഹാരമായിരിക്കുമെന്നും ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി അഭിപ്രായപ്പെട്ടു.
അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിക്കുന്നതനുസരിച്ച് 14 ദിവസം ക്വാറന്റീനില്‍ കഴിയുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റിന് വേണ്ടി ആരോഗ്യ കേന്ദ്രങ്ങളില്‍ ചെല്ലുമ്പോള്‍ ലക്ഷണങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ടെസ്റ്റ് നടത്താതെ തിരിച്ചയക്കുകയാണ്. കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത ചിലര്‍ക്ക് പോസിറ്റീവ് റിസള്‍ട്ട് വന്നതും മറ്റും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുകയാണ്. ക്വാറന്റീന്‍ കാലപരിധി കഴിഞ്ഞിട്ടും പ്രവാസികളെ അകറ്റി നിര്‍ത്തുന്ന സാഹചര്യമാണ് നാട്ടില്‍. ഇത് ഇല്ലാതാക്കാന്‍ ടെസ്റ്റുകള്‍ നടത്തി രോഗം ഇല്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിക, സി.എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹ്മദ് ഇ.ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ.പി കളനാട്, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം.സി മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. ട്രഷറര്‍ ഹനീഫ ടി.ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.