ധനൂപിനുള്ള അഛന്റെ സമ്മാനം വീട്ടിലെത്തി; പവിത്രന്റെ ആഗ്രഹം സക്ഷാത്കരിച്ച് യുഎഇ കെഎംസിസി

31

ഫുജൈറ: നാട്ടിലേക്കുള്ള യാത്രക്കിടെ റാസല്‍ഖൈമ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ ക്യൂവില്‍ കുഴഞ്ഞു വീണു മരിച്ച പ്രവാസി പവിത്രന്‍ മകനു വേണ്ടി കരുതിയ സമ്മാനപ്പൊതികള്‍ യുഎഇ കെഎംസിസി പ്രവര്‍ത്തകര്‍ വീട്ടിലെത്തിച്ചു. പത്താം ക്‌ളാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും ഉന്നത മാര്‍ക്ക് നേടിയ മകനുള്ള സമ്മാനവുമായാണ് കുറ്റ്യാടി കായക്കൊടി സ്വദേശി മഞ്ചക്കല്‍ പവിത്രന്‍ യാത്രക്കെത്തിയത്. വിധി അതിനനുവദിക്കാതെ പവിത്രന്‍ അന്ത്യയാത്രയായി. മകന് വാങ്ങിയ ഗിഫ്റ്റ് അടങ്ങിയ ലഗേജ് യുഎഇ കെഎംസിസി പ്രവര്‍ത്തകര്‍ ചാര്‍ട്ടര്‍ ചെയ്ത മറ്റൊരു സൗജന്യ വിമാനത്തില്‍ ഹരീഷ് എന്ന പ്രവാസി യാത്രക്കാരന്‍ വഴി ഇന്നലെ നാട്ടിലെത്തിക്കുകയായിരുന്നു.
അജ്മാനിലെ ഒരു ജൂവലറിയില്‍ തൊഴിലാളിയായിരുന്നു പവിത്രന്‍. എന്നാല്‍, കോവിഡ് വ്യാപനത്തോടെ സ്ഥാപനം പൂട്ടി. അതോടെ തൊഴിലും നഷ്ടമായി. പ്രവാസി കൂട്ടായ്മ വഴിയാണ് നാട്ടിലേക്കു പോകാന്‍ വഴി കണ്ടെത്തിയത്. മകന്‍ ധനൂപിന്റെ പത്താം ക്‌ളാസ് പരീക്ഷാ ഫലം വന്ന ജൂണ്‍ 30ന് തന്നെ മടങ്ങണമെന്നായിരുന്നു പവിത്രന്‍ ആഗ്രഹിച്ചത്. മകന് നല്‍കാന്‍ സമ്മാനങ്ങളും വാങ്ങി പെട്ടി നിറച്ചിരുന്നു. എമിഗ്രേഷന്‍ നടപടികള്‍ക്കിടെ കുഴഞ്ഞു വീണ പവിത്രനെ ഉടന്‍ റാസല്‍ഖൈമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ ശേഷം നടത്തിയ ടെസ്റ്റില്‍ കോവിഡ് ഫലം പോസിറ്റീവ് ആയതോടെ യുഎഇയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

പവിത്രന്‍