കുട്ടികളെ മുന്‍സീറ്റിലിരുത്തണ്ട; കുഞ്ഞുസീറ്റും മറക്കണ്ട; പിഴ വീഴും

അബുദാബി: വാഹനങ്ങളുടെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവര്‍ ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. 10 വയസ്സിനുതാഴെയു ള്ളവരോ 145 സെന്റിമീറ്റര്‍ ഉയരമില്ലാത്തവരോ ആയ കുട്ടികളെ മുന്‍സീറ്റിലിരുത്തിയാല്‍ പിഴ ചാടിവീഴും.
400 ദിര്‍ഹം പിഴയാണ് ഈടാക്കുകയെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യത്തില്‍ കര്‍ശന നിബന്ധന നടപ്പാക്കിയിട്ടുള്ളത്.
ചെറിയ അപകടങ്ങള്‍പോലും 10 മീറ്റര്‍ ഉയരത്തില്‍നിന്നും വീഴുന്ന ആഘാതത്തിന് തുല്യമായിരിക്കുമെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. നാലുവയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് വാഹനങ്ങളില്‍ നിര്‍ബന്ധമായും പ്രത്യേക ഇരിപ്പിടം ഉണ്ടായിരിക്കണമെന്ന നിബന്ധനയും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.
ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ കണ്ടെത്താന്‍ പൊലീസും പിന്നെ കാമറക്കണ്ണുകളും നമ്മോടൊപ്പമുണ്ട്. ജാഗ്രത അനിവാര്യമാണ്. സൂക്ഷിച്ചാല്‍ പണം പോക്കറ്റിലിരിക്കും, അല്ലെങ്കില്‍ പണം പിഴയായിപ്പോകും.