ഡിഎം വിംസ് മെഡിക്കല്‍ കോളജിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി ചെലവഴിച്ച തുകയില്‍ 250 കോടി രൂപ കേരള സര്‍ക്കാറിന് സംഭാവന ചെയ്യുമെന്ന് ഡോ. ആസാദ് മൂപ്പന്റെ കുടുംബം

25

ദുബൈ: ഡിഎം വിംസ് മെഡിക്കല്‍ കോളജും നഴ്‌സിംഗ്, ഫാര്‍മസി കോളജുകളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരള സര്‍ക്കാറിന് കൈമാറുന്ന കാര്യം പരിഗണിക്കുന്ന ഡിഎം എജുകേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഡിഎംഇആര്‍എഫ്), കൈമാറ്റം ചെയ്യാനുളള നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. സര്‍ക്കാര്‍ മേഖലക്ക് കീഴില്‍ നൂതന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ പ്രാദേശിക ലഭ്യതക്കുറവ് മൂലം അവിടത്തെ ജനത നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി ഒരു പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള കഴിഞ്ഞ 78 വര്‍ഷമായുളള സര്‍ക്കാര്‍ ആലോചനക്കുള്ള പ്രതികരണമായാണ് ഈ തീരുമാനം. ഇതിനോടകം തന്നെ എംബിബിസ് ബിരുദധാരികളുടെ രണ്ടു ബാച്ചുകള്‍ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഈ സ്ഥാപനം ഡിഎംഇആര്‍എഫ് കൈമാറുമ്പോള്‍ അത് സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതുമാകും. രാജ്യത്തെ എന്‍എബിഎച്ച് അക്രഡിറ്റേഷനുളള ചുരുക്കം മെഡിക്കള്‍ കോളജുകളില്‍ ഒന്നാണ് ഡിഎം വിംസ്.
ജില്ലയിലെ പിന്നാക്ക സമൂഹത്തെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 10 വര്‍ഷം മുന്‍പാണ് ഡിഎംഇആര്‍എഫ് ട്രസ്റ്റ്, ഡിഎം വിംസ് മെഡിക്കല്‍ കോളജും വയനാട്ടിലെ അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചത്. ചാരിറ്റബ്ള്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജില്‍ 150 സീറ്റുകളാണുളളത്. കുഹാസ് പരീക്ഷകളില്‍ മികച്ച ഫലങ്ങള്‍ നേടി, ഇതിനോടകം തന്നെ രണ്ട് ബാച്ച് ഡോക്ടര്‍മാര്‍ സ്ഥാപനത്തില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മൊത്തം 14 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്ഥാപനങ്ങളില്‍ പ്രാദേശിക സമൂഹത്തെ പരിപാലിക്കുന്നതും, ആരോഗ്യ പരിപാലന വിദഗ്ധരെ പരിശീലിപ്പിക്കാന്‍ സഹായിക്കാനുമായി 700 ബെഡ് സൂപര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും 100 കിടക്കകളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഒരു ഫാര്‍മസി കോളജ്, ഒരു നഴ്‌സിംഗ് കോളജ് എന്നിവയും ഉള്‍പ്പെടുന്നു.
സാമൂഹികമായ അടിസ്ഥാന സൗകര്യ വികസനത്തിന് പരിമിതികളുളള, 10 ലക്ഷം ജനസംഖ്യയുളള മലയോര ഭൂപ്രദേശമെന്ന നിലയില്‍ ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിഎം വിംസ് മെഡിക്കല്‍ കോളജ് കാലങ്ങളായി അതുല്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളതെന്ന് ഡിഎംഇആര്എഫ് മാനേജിംഗ് ട്രസ്റ്റിയായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. സര്‍ക്കാറിന് കീഴിലുളള ഒരു പുതിയ മെഡിക്കല്‍ കോളജ് കൊണ്ടു വരികയാണെങ്കില്‍ അതിന് ഈ പ്രദേശത്ത് ഗണ്യമായ നിക്ഷേപം ആവശ്യമാണ്. ഒപ്പം, അത് പ്രവര്‍ത്തന ക്ഷമമാവാന്‍ കുറഞ്ഞത് 5 വര്‍ഷം സമയമെടുക്കുകയും ചെയ്യും. ഗവണ്‍മെന്റിന്റെ ആവശ്യകത നിറവേറ്റാന്‍ ഡിഎം വിംസിന് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, പ്രദേശത്തെ നിലവിലുളള ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മറ്റൊരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത് ആവശ്യമായി വരില്ലെന്നും ഞങ്ങള്‍ കരുതുന്നു. അര്‍ഹരായ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സര്‍ക്കാറുമായി കൈ കോര്‍ക്കേണ്ടത് പ്രധാനമാണെന്നും ഞങ്ങള്‍ കരുതുന്നു. പിന്നാക്കം നില്‍ക്കുന്ന മലയോര ഭൂപ്രദേശമായ ജില്ലയിലെ നിര്‍ധനരായ ജനങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിനും സംസ്ഥാനത്ത് നിന്ന് നല്ല നിലവാരമുള്ള ഡോക്ടര്‍മാരെ പരിശീലിപ്പിക്കാനുമായി ഈ സ്ഥാപനങ്ങളിലെ മൊത്തം നിക്ഷേപത്തില്‍ നിന്ന് 250 കോടി രൂപ സര്‍ക്കാറിന് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. ഈ നിര്‍ദേശത്തോട് ഉടനടി പ്രതികരിച്ചതിനും, വിശദാംശങ്ങള്‍ അവലോകനം ചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതിനും പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എന്നിവരോട് നന്ദി പ്രകടിപ്പിക്കുന്നതായും ഡോ. ആസാദ് വ്യക്തമാക്കി. കൂടാതെ, വര്‍ഷങ്ങളായി ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരികയും, ഇതിന്റെ വളര്‍ച്ചയില്‍ പങ്ക് വഹിക്കുകയും ചെയ്യുന്ന നിലവിലെ ജീവനക്കാരെ ഈ സ്ഥാപനങ്ങളില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ആസാദ് മൂപ്പന്‍ തന്റെ വ്യക്തിഗത സ്വത്തിന്റെ 20% ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ, പ്രാവീണ്യമുളള മികച്ച മെഡിക്കല്‍ പ്രൊഫഷണലുകളുടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിഎംഇആര്‍എഫ് സ്ഥാപിക്കപ്പെട്ടത്. ലാഭം ലക്ഷ്യമിടാതെ, വയനാട്ടിലെ നിര്‍ധനരായ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം ലഭ്യമാക്കാനും, ഒപ്പം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഡിഎംഇആര്‍എഫ് സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുളളത്. നിരവധി ആരോഗ്യ സംരക്ഷണ ദൗത്യങ്ങളിലൂടെയും, മാനുഷിക ഇടപെടലുകളിലൂടെയും മലയോര പ്രദേശത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് പോലും ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് പ്രോഗ്രാം അടുത്തിടെ പ്രളയത്തെ തുടര്‍ന്നുളള ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് 100 ആസ്റ്റര്‍ ഹോമുകള്‍ കൈമാറിയിരുന്നു. ഇപ്പോള്‍ 150 ആസ്റ്റര്‍ ഹോമുകളുടെ കൂടി നിര്‍മാണം പുരോഗമിക്കുകയാണ്. ആരോഗ്യ സംരക്ഷണത്തിലൂടെയും മാനുഷികമായ ഇടപെടലുകളിലൂടെയും 7 രാജ്യങ്ങളിലായി ആസ്റ്റര്‍ വളണ്ടിയേഴ്‌സും ഫാമിലി ട്രസ്റ്റും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നിലവില്‍ കോവിഡ് 19 പകര്‍ച്ച വ്യാധിയെ നേരിടാന്‍ പ്രാദേശിക ജന സമൂഹത്തെ സഹായിച്ചു കൊണ്ട് ഈ സ്ഥാപനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.