എന്‍.ഐ.എ ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം

    76
    സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയേയും സന്ദീപിനേയും കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിച്ചപ്പോള്‍

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം സംശയ നിഴലിലായ തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എന്‍.ഐ.എ ആസ്ഥാനത്ത് എത്തിക്കുന്നതിനിടെ വന്‍ പ്രതിഷേധ സമരങ്ങളും നടന്നു. പ്രതികളെ എത്തിക്കുന്നതറിഞ്ഞ് രാവിലെ തന്നെ കടവന്ത്ര ഗിരിനഗര്‍ തേര്‍ഡ് ക്രോസ് റോഡിലുള്ള എന്‍.ഐ.എ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും തടിച്ചു കൂടിയിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥലത്തെത്തി. എന്‍.ഐ.എ ഓഫീസിന് സമീപം ബാരിക്കേഡുകള്‍ കെട്ടി സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ 12 മണിയോടെയാണ് സ്ഥലത്ത് പൊലീസ് സന്നാഹമൊരുക്കിയത്. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാതെ പോലും സ്ഥലത്ത് കൂട്ടമായി നിന്നവരെ പിന്തിരിപ്പിക്കാനോ മറ്റോ പൊലീസ് ശ്രമിച്ചില്ല. പിന്നീട് എസിപി ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സ്ഥലത്ത് നിന്ന് കൂട്ടമായി നിന്നവരെ ഒഴിപ്പിച്ചു തുടങ്ങിയത്. ഇതിനിടെ എ.ഐ.സി.സി അംഗം ദീപ്തി മേരി വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിനിടെ ഉയര്‍ന്നു. വടം വലിച്ചു കെട്ടിയാണ് പൊലീസ് സമരക്കാരെ തടഞ്ഞത്.
    2.30 ഓടെ സ്വപ്നയെയും സന്ദീപിനെയും വഹിച്ചുള്ള എന്‍.ഐ.എ സംഘം സ്ഥലത്തെത്തി. രണ്ടു വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ സംഘത്തില്‍ മധ്യത്തിലെ സ്‌കോര്‍പിയോ കാറിലായിരുന്നു പ്രതികള്‍ രണ്ടു പേരും. സംഘം എത്തുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചെങ്കിലും പൊലീസ് ലാത്തിവീശി, പ്രതിഷേധക്കാരെ ചില പൊലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന നതാക്കളായ അബിന്‍ വര്‍ക്കി, ലിന്റോ പി ആന്റൂ, വൈശാഖ് ദര്‍ശന്‍, ജില്ലാ നേതാക്കളായ അബ്ദുള്‍ റഷീദ്, സിജോ ജോസഫ്, സ്വാതിഷ് സത്യന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
    ഇതിനിടെ സ്വപ്നയുടെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം 4.15 ഓടെയാണ് കനത്ത സുരക്ഷയില്‍ പ്രതികളെ കലൂരിലുള്ള എന്‍.ഐ.ഐ കോടതിയില്‍ ഹാജാരാക്കാനായി കൊണ്ടു പോയത്. മറ്റു വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാണ് പത്തു മിനുറ്റിനകം പ്രതികളെ കോടതിയില്‍ എത്തിച്ചത്. പ്രതിഷേധ തുടര്‍ച്ച ഭയന്ന് കോടതി വളപ്പില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കി. മാധ്യമ പ്രവര്‍ത്തകരെ മാത്രമാണ് കോടതി വളപ്പിലേക്ക് കടത്തി വിട്ടത്. വൈകിട്ട് ആറരയോടെ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരുവരെയും രണ്ടു വാഹനങ്ങളിലായി കോവിഡ് കെയര്‍ സെന്ററുകളിലേക്ക് കൊണ്ടു പോയി. തൃശൂര്‍ വരെ വഴിയിലുടനീളം വന്‍ സുരക്ഷയിലാണ് ഇവരെ അങ്കമാലിയിലെയും തൃശൂരിലെയും കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയത്.