‘സ്വപ്ന’സഞ്ചാരം: അഴിയാക്കുരുക്കില്‍ സംസ്ഥാന സര്‍ക്കാര്‍

  48

  തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസില്‍ ആടിയുലഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ സംസ്ഥാന ഭരണത്തിലും ഉദ്യോഗസ്ഥ വൃന്ദങ്ങളിലും മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ സ്വാധീനം വെളിച്ചത്തു കൊണ്ടുവരുമ്പോള്‍ പ്രതിരോധിക്കാന്‍ പോലും ശേഷിയില്ലാതെ ഓടിയൊളിക്കുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെപ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഐ.ടി വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിയത് ഇതിനു തെളിവാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന കേസ് പുതിയ തലങ്ങളിലേക്കാണ് നീങ്ങുന്നത്. സ്പീക്കര്‍ ഉള്‍പ്പെടെ പലരും സ്വപ്നക്കെണിയില്‍ വീണതായാണ് പുതിയ വാര്‍ത്തകള്‍. രാജ്യദ്രോഹക്കുറ്റത്തില്‍ ഏര്‍പ്പെട്ടിരുന്ന വന്‍ റാക്കറ്റുകള്‍ക്ക് അധികാരത്തിന്റെ ഇടനാഴികളില്‍ യഥേഷ്ടം വിഹരിക്കാന്‍ അവസരം ഒരുക്കിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും തെളിയിക്കുന്നത്.

  എം.ശിവശങ്കറിനെ മാറ്റി; മുഹമ്മദ്.വൈ സഫീറുള്ള പുതിയ ഐ.ടി സെക്രട്ടറി; മിര്‍ മുഹമ്മദ് മുഖ്യമന്ത്രിയുടെ സെക്രട്ടറി

  എം. ശിവശങ്കര്‍
  മുഹമ്മദ് വൈ.സഫീറുല്ല
  മിര്‍ മുഹമ്മദ്‌

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന എം.ശിവശങ്കറിനെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. പുതിയ ഐ.ടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. മിര്‍ മുഹമ്മദിന് ആ ചുമതല നല്‍കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു. പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് മാറ്റിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
  സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയത്. കേസിനെക്കുറിച്ച് പരാമര്‍ശിക്കാതെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ഒരു വരി പ്രസ്താവനയും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയിരുന്നു. നടപടിക്ക് പിന്നാലെ ശിവശങ്കര്‍ ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കി. അത് കണക്കിലെടുത്താണ് ഐ.ടി വകുപ്പ് സെക്രട്ടറി ചുമതല മറ്റൊരാളിന് നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
  മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ശിവശങ്കര്‍ അവധിയില്‍ പോകുന്നതെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്യാനുളള സാധ്യതയുണ്ട്. സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാള്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍ ആകുന്നത് സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ്. മുഖ്യമന്ത്രിക്ക് കീഴിലെ ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നയാണ് അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണ്ണക്കടത്തിലെ മുഖ്യആസൂത്രക എന്ന വിവരം രാഷ്ട്രീയകേന്ദ്രങ്ങളിലുണ്ടാക്കിയത് വലിയ ഞെട്ടലും അമ്പരപ്പുമാണ്.
  ആരോപണമുന തന്നിലേക്ക് തന്നെ തിരിയുന്ന സാഹചര്യത്തിലാണ് പിണറായി വിജയന്‍ തന്റെ ഏറ്റവും വലിയ വിശ്വസ്തനായ എം ശിവശങ്കറിനെ കൈവിട്ടത്. മുഖ്യമന്ത്രിയുടെ തിങ്കളാഴ്ചത്തെ പതികരണം തന്നെ ശിവശങ്കറിനെ തള്ളുന്ന സൂചന നല്‍കിയിരുന്നു. സ്പ്രിംക്‌ളര്‍ വിവാദത്തില്‍ കടുത്ത ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിട്ടും സിപിമ്മില്‍ നിന്നും സിപിഐയില്‍ നിന്നും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി ശിവശങ്കറിനെ രക്ഷിക്കുകയായിരുന്നു.

  സ്വപ്ന സുരേഷിനെ അറിയാമെന്ന് സ്പീക്കര്‍

  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിനെ അറിയാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷച്ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയമെന്നും സ്വപ്ന സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് അവര്‍ തന്നെ ക്ഷണിച്ചിരുന്നു. അവരുടെ ബന്ധുവിന്റെ കട എന്നു പറഞ്ഞാണ് ക്ഷണിച്ചത്. വളരെ നിര്‍ബന്ധിച്ചപ്പോഴാണ് ഉദ്ഘാടനച്ചടങ്ങിന് പോയത്. ഇതിന് ഇപ്പോഴത്തെ സംഭവവുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യുക്തിരഹിതമാണെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

  സ്വപ്നയുടെ ഫ്‌ളാറ്റില്‍ റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

  തിരുവനന്തപുരം: യു.എ.ഇ എംബസി മുഖേന സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് നടത്തിയ ആറ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ പെന്‍ഡ്രൈവടക്കം കസ്റ്റംസ് സംഘം പിടിച്ചെടുത്തു. നഗരത്തില്‍ അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റില്‍ ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ലാപ്‌ടോപ്, പെന്‍ഡ്രൈവ്, ബാങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍ എന്നിവയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഇതെല്ലാം പ്രത്യേകം സീല്‍ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. സ്വപ്നയുടെ സഹോദരന്റെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് പരിശോധന. ഫ്‌ളാറ്റിലെ സന്ദര്‍ശക പട്ടികയും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു.