കോവിഡാനന്തര യുഎഇയിലെ ആദ്യ ആഘോഷവുമായി ഡിഎസ്എസ് 2020

റീടെയില്‍ മേഖലയെ വീണ്ടും ജ്വലിപ്പിക്കാന്‍ ഡിജിജെജിയും ഡിഎഫ്ആര്‍ഇയും കൈ കോര്‍ക്കുന്നു

ദുബൈ വേനല്‍ വിസ്മയത്തില്‍ 120ലധികം സ്‌റ്റോറുകളിലായി 35ലധികം ബ്രാന്റുകള്‍. ഈദുല്‍ അദ്ഹ അവധി ദിനങ്ങളില്‍ കൂടുതല്‍ സജീവത ദൃശ്യമാകും

ജലീല്‍ പട്ടാമ്പി
ദുബൈ: ദുബൈയിലെ റീടെയില്‍ മേഖലയെ വീണ്ടും ജ്വലിപ്പിക്കാന്‍ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പും (ഡിജിജെജി) ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീടെയില്‍ എസ്റ്റാബ്‌ളിഷ്‌മെന്റും (ഡിഎഫ്ആര്‍ഇ) കൈ കോര്‍ക്കുന്നു. യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ ഒരിക്കല്‍ കൂടി ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ് ദുബൈ വേനല്‍ വിസ്മയം (ഡിഎസ്എസ്) പരിപാടികളിലൂടെ. റീടെയില്‍ മേഖലയെ പുഷ്ടിപ്പെടുത്താന്‍ പുതിയ സംരംഭങ്ങളാണ് ദുബൈ ആവിഷ്‌കരിച്ചിരിക്കുന്നത്. കോവിഡ് 19 അനന്തര യുഎഇയിലെ
ഏറ്റവുമാദ്യത്തെ ആഘോഷമാണ് ഇതു വഴി ഉദ്ദേശിക്കുന്നത്. അപ്രകാരം തന്നെ,രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് (ജിഡിപി) സുപ്രധാന സംഭാവനകളര്‍പ്പിക്കുന്ന ചില്ലറ വ്യാപാര മേഖലയെ ചൈതന്യവത്താക്കാന്‍ നേരിട്ടു ബന്ധപ്പെടാതെ ഡിജിറ്റല്‍ നറുക്കെടുപ്പുകള്‍ നടത്തി മുഴുവന്‍ ഷോപ്പുകളെയും ഈ ആഘോഷത്തിലേക്ക് ചേര്‍ത്തിരിക്കുന്നു ഡിഎസ്എസ് 2020.
വെല്ലുവിളികള്‍ക്കിടയിലും യുഎഇ ചില്ലറ വ്യാപാര മേഖല ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണുള്ളത്. 2020ല്‍ ഈ മേഖല 0.4% വളര്‍ച്ച നേടുമെന്നാണ് ഗ്‌ളോബല്‍ ഡാറ്റ മുഖേനയുള്ള വിലയിരുത്തല്‍. ഈ വര്‍ഷത്തെ വളര്‍ച്ചാ പ്രവചനത്തിലുള്ള 5.8% വളര്‍ച്ച (13.5 ബില്യന്‍ ദിര്‍ഹം) കൊറോണ വ്യാപനം മൂലം തുടച്ചു നീക്കപ്പെട്ടുവെന്ന് അനുമാനിക്കാമെങ്കിലും, മെനാ മേഖലയിലെ മറ്റു അയല്‍ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ യുഎഇ വിപണി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിലക്കുള്ള അഭിപ്രായങ്ങളാണ് അധികൃതര്‍ മുന്നോട്ടു വെക്കുന്നത്.

അഹ്മദ് അല്‍ഖാജ

ഡിഎസ്എസ് ഈ വര്‍ഷം വ്യത്യസ്തമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രതിസന്ധികള്‍ക്കിടയിലും ദുബൈ നഗരത്തിന്റെ സക്രിയതയും സജീവതയും തിരിച്ചു കൊണ്ടുവരാനകുമെന്ന് തന്നെയാണ് പ്രതീക്ഷ -ഡിഎഫ്ആര്‍ഇ സിഇഒ അഹ്മദ് അല്‍ഖാജ ഇന്നലെ നടന്ന ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കൊല്ലം കേവലം പ്രമോഷനുകള്‍ മാത്രമല്ല. അതിനപ്പുറവും പോകും. നഗരത്തെ കൂടുതല്‍ ഉന്മേഷപൂര്‍ണമാക്കും. ദുബൈയുടെ തിളക്കമാര്‍ന്ന പൂര്‍വാവസ്ഥയെ ക്രമേണ മടക്കിക്കൊണ്ടു വരാന്‍ ഷോപ്പിംഗ് മാളുകളെയും റീടെയില്‍ സ്‌റ്റോറുകളെയും ജനങ്ങളെ ആകെത്തന്നെയും സജീവമാക്കാന്‍ യത്‌നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാഗ്യവശാല്‍, ദുബൈ സമ്പദ് വ്യവസ്ഥക്ക് നവോന്മേഷം പകരാനുതകുന്ന ഡിജിറ്റല്‍ എകോണമിയിലും ‘സ്മാര്‍ട്ട്’ സ്ട്രാറ്റജികളിലും ദുബൈ കനത്ത തോതില്‍ ശ്രദ്ധിച്ചിട്ടുണ്ട്, ആ നിലയില്‍ മാതൃകാപരമായി മുന്നേറിയിട്ടുമുണ്ട്.

തൗഹീദ് അബ്ദുല്ല

ജീവിതം, ഷോപ്പിംഗ്, അകല പാലനം തുടങ്ങിയ നവ കാല രീതികളാണ് ഇത്തവണത്തെ ഡിഎസ്എസിനെ ശ്രദ്ധേയമാക്കുന്നതെന്ന് ഡിജിജെജി ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം ബിസിനസ് ശക്തിപ്പെടുത്താന്‍ പൊതു-സ്വകാര്യ മേഖലകള്‍ യോജിച്ച് സുപ്രധാന പങ്കു വഹിക്കുന്നുവെന്നത് പ്രതീക്ഷ കൂട്ടുന്നതാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ലോക്ക്ഡൗണ്‍ മാറി വീണ്ടും തുറന്ന ശേഷം ബിസിനസ് ഇടപാടുകളില്‍ കുത്തനെയുള്ള കയറ്റം ദൃശ്യമാണ്. ആഭ്യന്തര പര്‍ചേസുകളില്‍ 2019നെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ജൂണ്‍, ജൂലൈ മാസങ്ങള്‍ അതേ കാലയളവിന്റെ സജീവത പ്രകടിപ്പിച്ചിട്ടുണ്ട്. ടൂറിസ്റ്റുകള്‍ കൂടുതല്‍ തിരിച്ചെത്തുന്നതോടു കൂടി വില്‍പന കൂടുതല്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്.
ജൂലൈ 27ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,935 ഡോളര്‍ ആണ്. മഞ്ഞ ലോഹം ഇപ്പോഴും ”സുരക്ഷിതം” എന്നു തന്നെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കമ്മോഡിറ്റി മാര്‍ക്കറ്റില്‍ സ്വര്‍ണം ‘സൂപര്‍ ഹീറോ’ ആയി തുടരുമെന്ന് തന്നെയാണ് വിലയിരുത്താനാകുന്നത്.
സ്വര്‍ണത്തിനും ആഭരണ വില്‍പനകള്‍ക്കും ഡിഎസ്എസ് തലോടല്‍ പ്രതീതിയാണ് നല്‍കുന്നത്. അതു വഴി 60 മുതല്‍ 80-85 ശതമാനം വരെ വില്‍പന കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടുണ്ട്. സര്‍വകാല ഉയര്‍ച്ചയില്‍ സ്വര്‍ണ വില ഇപ്പോള്‍ എത്തി നില്‍ക്കുന്നതിന് മുന്‍പ് തന്നെ അതാണ് സാഹചര്യം. മഞ്ഞ ലോഹത്തില്‍ ജനങ്ങള്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നു. ആഭരണങ്ങള്‍ക്കു മേല്‍ സ്വര്‍ണക്കട്ടികളിലാണ് ആളുകള്‍ക്ക് കൂടുതല്‍ താല്‍പര്യം. ലോകത്തിലെ മറ്റിടങ്ങളെ അപേക്ഷിച്ച് 10 ശതമാനം വിലക്കുറവാണ് ദുബൈയിലെന്നത് സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പ്രോല്‍സാഹനം പകരുന്നതാണ്. അടുത്ത മാസങ്ങളിലായി മഞ്ഞ ലോഹ വില 2,000 ഡോളര്‍ കടക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ലൈലാ സുഹൈല്‍

ഈ വര്‍ഷത്തെ ഡിഎസ്എസില്‍ 120ലധികം സ്‌റ്റോറുകളിലായി 35ലധികം ബ്രാന്റുകള്‍ പങ്കെടുക്കുന്നുവെന്നും ഈദുല്‍ അദ്ഹ അവധി ദിനങ്ങളില്‍ കൂടുതല്‍ സജീവത ദൃശ്യമാകുമെന്നും ഡിജിജെജി ബോര്‍ഡ് മെംബറും മാര്‍ക്കറ്റിംഗ് ചെയര്‍പേഴ്‌സണും ഡിടിസിഎം അനുബന്ധ സ്ഥാപനങ്ങളുടെ സ്ട്രാറ്റജിക് അലയന്‍സ് പാര്‍ട്ണര്‍ഷിപ് സെക്ടര്‍ സിഇഒയുമായ ലൈലാ സുഹൈല്‍ പറഞ്ഞു. റീടെയില്‍ കലണ്ടര്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഷോപര്‍മാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ പ്രമോഷനുകളും സമ്മാനങ്ങളും ലഭിക്കാനായി തങ്ങള്‍ ഡിജിജെജിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പ്രതിസന്ധി നിറഞ്ഞ ഈ കാലയളവില്‍ രണ്ടു പ്രധാന ജ്വല്ലറി റീടെയിലര്‍മാര്‍ ഭാവി വികസനത്തില്‍ ഉചിതമായ സമീപനം സ്വീകരിച്ചു. മെച്ചപ്പെട്ട നിലയില്ലാത്ത സ്‌റ്റോറുകള്‍ അടച്ചു പൂട്ടിക്കൊണ്ടായിരുന്നു അത്. എന്നാല്‍, ഇത് നെഗറ്റീവ് വികാരമല്ലെന്നാണ് തൗഹീദ് അബ്ദുല്ലയുടെ പക്ഷം. ഓരോ വര്‍ഷവുമുണ്ടാകുന്ന കാര്യങ്ങള്‍ എന്നതിനപ്പുറം അടച്ചു പൂട്ടല്‍ എന്ന് സംജ്ഞയാക്കേണ്ടതില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഉപയോക്താക്കളുമായി അഭിമുഖീകരിച്ചു വില്‍പന നടത്തേണ്ടുന്ന സാഹചര്യത്തില്‍ സുരക്ഷ പൂര്‍ണമായും ഉറപ്പു വരുത്തിയുള്ള നീക്കങ്ങളാണ് ഡിജിജെജി സ്വീകരിക്കുക.
ഡിഎസ്എസിന് പുറമെ, ബാക്ക് റ്റു സ്‌കൂള്‍, ദുബൈ ഹോം ഫെസ്റ്റിവല്‍, ദുബൈ ഫിറ്റ്‌നസ് ചാലഞ്ച് തുടങ്ങിയവയും തങ്ങള്‍ നടത്തി വരുന്നുവെന്നും ദുബൈയിലെയും യുഎഇയിലെയും റീടെയില്‍ മേഖലയെ ശക്തിപ്പെടുത്താന്‍ അവ ഉപകരിക്കുമെന്നും അല്‍ഖാജ സൂചിപ്പിച്ചു.
അബ്ദുല്ല അല്‍അമീരിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.