എമിറേറ്റ്‌സ് ജംബോ പറത്തി ചരിത്രം കുറിച്ച് ദുബൈ കെഎംസിസി

    188

    ദുബൈ: ദുബൈ കെഎംസിസി സഹായത്തോടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത എമിറേറ്റ്‌സ് ജംബോ, കോവിഡ് കാലത്ത് ജിസിസിയില്‍ നിന്നും ഒറ്റ വിമാനത്തില്‍ ഏറ്റവുമധികം യാത്രക്കാരെ വഹിച്ചുവെന്ന പുതിയ ചരിത്രമെഴുതി. ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-3ല്‍ നിന്ന് വ്യാഴാഴ്ച 5.35ന് അഞ്ചു കുഞ്ഞുങ്ങളടക്കം 427 യാത്രക്കാരുമായാണ് വിമാനം പറന്നുയര്‍ന്നത്. വ്യാഴാഴ്ച രാത്രി 10ന് മുന്‍പ് വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്തു.
    കോവിഡ് കാലയളവില്‍ പ്രവാസ ലോകത്ത് നിന്ന് കേരളത്തിലേക്ക് ഇതാദ്യമായാണ് 427 പേര്‍ ഒന്നിച്ചു യാത്ര ചെയ്തതെന്നതും, മുഴുവന്‍ യാത്രക്കാരും കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായി എന്നതും അപൂര്‍വതയാണെന്ന് പ്രസ്തുത വിമാനം ചാര്‍ട്ടര്‍ ചെയ്ത സംരംഭത്തിന്റെ കോഓര്‍ഡിനേറ്ററും ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ നിസാമുദ്ദീന്‍ കൊല്ലം പറഞ്ഞു.
    സംസ്ഥാന കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവരും; തിരുവനന്തപുരം ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അക്ബര്‍ ബീമാപ്പള്ളി, ജന.സെക്രട്ടറി അന്‍വര്‍ ഷാ, ട്രഷറര്‍ നസീര്‍ ചാന്നാങ്കര, ഓര്‍ഗ.സെക്രട്ടറി ജാസിം, മറ്റു ഭാരവാഹികളായ അഹമ്മദ് ഗനി, മുനീര്‍, അന്‍സാര്‍ ചിറയിന്‍കീഴ്, സാജിദ്, സിധീര്‍, നൗഫല്‍ എന്നിവരും നാട്ടിലേക്ക് പോകുന്നവരെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.