വെള്ളിത്തിളക്കത്തില്‍ ദുബൈ കെഎംസിസി; ഇരുപത്തി അഞ്ചാം വിമാനം കോഴിക്കോട്ടേക്ക് പറന്നു

113

ഒരു സംഘടന ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണം എന്ന ബഹുമതി ദുബൈ കെഎംസിസിക്ക് സ്വന്തം

ദുബൈ: ദുബൈ കെഎംസിസിയുടെ ചരിത്ര വഴിയില്‍ വെള്ളിത്തിളക്കം പകര്‍ന്ന് ദുബൈ കെഎംസിസിയുടെ 25ാമത്തെ വിമാനം കോഴിക്കോട്ടേക്ക് പറന്നു. ഇന്നലെ ഉച്ച 2 മണിക്ക് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ നിന്നാണ് 172 യാത്രക്കാരുമായി ഫ്‌ളൈ ദുബൈയുടെ വിമാനം പൊങ്ങിയത്.
ദുബൈ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു, നിസാമുദ്ദീന്‍ കൊല്ലം എന്നിവര്‍ യാത്രക്കാരെ യാത്രയയക്കാന്‍ ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ എത്തിയിരുന്നു.
ഒരു സംഘടന ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണം എന്ന ബഹുമതി ഇതോടെ ദുബൈ കെഎംസിസിക്ക് സ്വന്തമായിരിക്കുകയാണ്. ഗര്‍ഭിണികകള്‍, രോഗികള്‍, വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിയവര്‍, തൊഴില്‍ നഷ്ടമായവര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രയാസപ്പെടുന്നവരെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വീസ്. ചിലര്‍ക്ക് സൗജന്യ ടിക്കറ്റുകളും അനുവദിച്ചിരുന്നു. ദുബൈ കെഎംസിസിയുടെ ഇരുപത്തി ആറാമത്തെ വിമാനം ഫ്‌ളൈ ദുബൈ വ്യാഴാഴ്ച രാവിലെ 9 മണിക്ക് 172 യാത്രക്കാരുമായി ദുബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പറക്കും.