ജലീല്‍ പട്ടാമ്പി
ദുബൈ: ദുബൈയില്‍ മാസങ്ങളായി ശമ്പളമില്ലാതെയും ഭക്ഷണത്തിനും പ്രയാസമനുഭവിച്ചിരുന്ന മലയാളികളടക്കമുള്ള 56 ഇന്ത്യക്കാര്‍ക്ക് ദുബൈ കെഎംസിസി കാരുണ്യ ഹസ്തം നീട്ടി. കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണില്‍ ശമ്പളം ലഭിക്കാതെയും ഭക്ഷണമടക്കം അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വളരെയധികം കഷ്ടപ്പാടിലായിരുന്നു ഇവര്‍. വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിപ്പോയ മലപ്പുറം തിരൂര്‍ സ്വദേശിയും തൃശൂര്‍ സ്വദേശിയും 54 തമിഴ്‌നാട്ടുകാരുമാണ് ബര്‍ദുബൈ മ്യൂസിയത്തിനടുത്തുള്ള കുടുസ്സു മുറിയില്‍ ഇത്രയും നാള്‍ കഷ്ട ജീവിതം നയിച്ചിരുന്നത്. ഇവരുടെ ദുരിതാവസ്ഥയറിഞ്ഞ് ദുബൈ കെഎംസിസി ഭാരവാഹികള്‍ ഇവിടം സന്ദര്‍ശിക്കുകയായിരുന്നു. പല റെസ്‌റ്റോറന്റുകളിലായി ബാക്കി വരുന്ന ഭക്ഷണം ശേഖരിച്ച് കഴിച്ചാണ് ഇവര്‍ ഇത്ര നാളും വിശപ്പടക്കിയിരുന്നതത്രെ. എയര്‍ കണ്ടീഷനറില്ലാത്ത മുറിയില്‍ ഉരുകിയൊലിച്ചാണ് ഈ പാവങ്ങള്‍ ഞെങ്ങിഞെരുങ്ങി കഴിഞ്ഞിരുന്നത്. കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച് കുറച്ചു പേര്‍ മുറിക്കുള്ളിലും മറ്റുള്ളവര്‍ കെട്ടിടത്തിന് താഴെ പായ വിരിച്ചുമാണ് ഇറങ്ങിയിരുന്നതെന്ന് പറയുന്നു. ചിലര്‍ പാര്‍ക്കിലാണ് രാത്രി കഴിച്ചു കൂട്ടിയിരുന്നതെന്നും ഇവരുടെ സ്ഥിതി വിവരിച്ച കെഎംസിസി പ്രവര്‍ത്തകര്‍ പറഞ്ഞു.
വിവിധ കമ്പനികളില്‍ സ്റ്റീല്‍ ഫിറ്റിംഗ്‌സ്, അലൂമിനിയം ഫാബ്രികേഷന്‍ തുടങ്ങിയ ടെക്‌നിക്കല്‍ ജോലികള്‍ ചെയ്തു വരുന്ന തൊഴിലാളികളാണിവര്‍. എന്നാല്‍, കോവിഡ് മൂലമുണ്ടായ കര്‍ശന നിയന്ത്രണങ്ങളില്‍ പെട്ട് ഇവരുടെ ജോലിയും മറ്റു കാര്യങ്ങളും ബുദ്ധിമുട്ടിലായി. ഒരു മുറിയില്‍ 30ഉം രണ്ടാമത്തെ മുറിയില്‍ 26ഉം പേരാണ് ഇപ്പോള്‍ കഴിയുന്നത്.
ഇവരുടെ പരിതാപകരമായ അവസ്ഥയറിഞ്ഞ് ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, വളണ്ടിയര്‍ വിംഗ് കണ്‍വീനര്‍ അഷ്‌റഫ് തോട്ടോളി, നാദാപുരം പഞ്ചായത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അബൂബക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും ഭക്ഷണ സാധനങ്ങളും കിച്ചന്‍ ഉപകരണങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇവരുടെ കമ്പനികള്‍ പിടിച്ചു വെച്ച പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു ലഭിക്കാനും മുടങ്ങിയ നാലു മാസത്തെ ശമ്പള കുടിശ്ശിക ലഭിച്ച് നാട്ടിലേക്ക് അയക്കാനും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും യുഎഇ അധികൃതരുടെയും സഹായം ലഭ്യമാക്കുമെന്ന് കെഎംസിസി നേതാക്കള്‍ അറിയിച്ചു.