പുഴാതി മേഖലാ കെഎംസിസി ഓണ്‍ലൈന്‍ സംഗമം

40

ദുബൈ: പുഴാതി മേഖലാ കെഎംസിസി നിര്‍വാഹക സമിതി സംഗമം സൂമില്‍ നടന്നു. പ്രസിഡന്റ് കെ.വി അബ്ദുല്‍ സലീം അധ്യക്ഷത വഹിച്ചു. പി.എം ഷാജഹാന്‍ പ്രാര്‍ത്ഥന നടത്തി. ചാലാട്ട് നിര്യാതനായ പി.എം തജീറിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അഴീക്കോട് മണ്ഡലം കെഎംസിസി പ്രസിഡന്റ് ടി.പി അബ്ദുന്നാസര്‍ യോഗം ഉദ്ഘാടനം ചെയ്തു. കോവിഡ് 19മായി ബന്ധപ്പെട്ട് നാട്ടിലും യുഎഇയിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ദുബൈ-പുഴാതി മേഖലാ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാഗത്തു നിന്നും ഉണ്ടായ സഹായ-സഹകരണം വളരെ വിലപ്പെട്ടതായിരുന്നു. പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി അവരെ നാട്ടിലെത്തിക്കാന്‍ സാധിച്ചു. ടിക്കറ്റെടുത്ത് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കി. അതിനു വേണ്ടി പല വ്യക്തിത്വങ്ങളും സഹായിക്കാന്‍ മുന്നോട്ടു വന്നപ്പോള്‍ ദുബൈ വനിതാ കെഎംസിസിയും പുഴാതി കെഎംസിസിക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു. അവരോടെല്ലാം സംഘാടകര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. പുഴാതി മേഖലയിലെ ജുമുഅ നടക്കുന്ന പള്ളികളിലും ഹെല്‍ത് സെന്ററുകളിലും ക്വാറന്റീന്‍ കേന്ദ്രങ്ങളിലും പുഴാതി കോര്‍പറേഷന്‍ സോണ്‍ ഓഫീസിലും
2,500 മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്തു.
അടുത്തു നടക്കാന്‍ പോകുന്ന ത്രിതല പഞ്ചായത്ത്, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പുഴാതി മേഖലയില്‍
മികച്ച നിലയില്‍ പ്രവര്‍ത്തിച്ച് യുഡിഎഫിന് വന്‍ വിജയം നേടിക്കൊടുക്കാന്‍ ശ്രമിക്കണമെന്ന് യോഗം മേഖലാ-മണ്ഡലം കമ്മിറ്റികളോടും ജില്ലാ കമ്മിറ്റിയോടും അഭ്യര്‍ത്ഥിച്ച് പ്രമേയം പാസ്സാക്കി. സ്വര്‍ണ കള്ളക്കടത്ത് കേസിലൂടെ കേരളത്തെ അപമാനിച്ച പിണറായി സര്‍ക്കാറിനെതിരെ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പാലത്തായിയിലെ അതി ക്രൂര സംഭവത്തിലെ പ്രതിക്ക് ജാമ്യം വാങ്ങിക്കൊടുത്ത അധികാരികള്‍ക്ക് ഓശാന പാടുന്ന മുഖ്യമന്ത്രി പിണറായിയും മന്ത്രി ശൈലജയും ജനങ്ങളോട് മാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.വി ജംഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.സി.കെ അഷ്‌റഫ്, എം.കെ അബ്ദുല്‍ ജലീല്‍, കെ.പി താഹിര്‍, ടി.ഫാറൂഖ്, പി.എം ഷാജഹാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.അബ്ദുല്‍ ഖാദര്‍, കെ.ടി റഫീഖ് ആശംസ നേര്‍ന്നു. ജന.സെക്രട്ടറി പി.പി നൗഫല്‍ സ്വാഗതവും പി.ഷഫീഖ് നന്ദിയും പറഞ്ഞു.
———-