ദുബൈ കെഎംസിസി ചാര്‍ട്ടേഡ് വിമാനം: കണ്ണമംഗലത്തിനും പറപ്പൂരിനും അഭിമാന ദിനം

ദുബൈ: ആഗോള തലത്തില്‍ കൊറോണ എന്ന മഹാമാരിയില്‍ ഭയപ്പെട്ട് നിന്നപ്പോള്‍ യുഎഇയില്‍, പ്രത്യേകിച്ചും ദുബൈയില്‍ സന്നദ്ധ-സേവന രംഗങ്ങളില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനം കാഴ്ച വെച്ച് ദുബൈ കെഎംസിസി മുന്നേറിയപ്പോള്‍, അതിന്റെ കൂടെ നിന്ന് കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ സാധിച്ച സന്തോഷത്തിലാണ് ദുബൈ കെഎംസിസി കണ്ണമംഗലം, പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍. ദുബൈ കെഎംസിസിയുടെ മുപ്പത്തി രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം പറത്താന്‍ നേതൃത്വം കൊടുക്കാനും കണ്ണമംഗലം, പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കഴിഞ്ഞു. 189 യാത്രക്കാരുമായി ഫ്‌ളൈ ദുബൈയുടെ വിമാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ രണ്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നപ്പോള്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി സാക്ഷിയാവുകയായിരുന്നു വേങ്ങര മണ്ഡലത്തിലെ ഈ രണ്ടു പഞ്ചായത്തുകള്‍. രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിസിറ്റ് വിസയില്‍ വന്ന് ജോലി ലഭിക്കാതെ മടങ്ങേണ്ടി വന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, സാമ്പത്തിക പ്രയാസത്തില്‍ പെട്ടവര്‍, പ്രായം ചെന്നവര്‍ തുടങ്ങി പ്രയാസമനുഭവിക്കുന്നവരായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. മൂന്നു പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാനും കഴിഞ്ഞു. മുഴുവന്‍ യാത്രക്കാര്‍ക്കും ഭക്ഷണ, സുരക്ഷാ കിറ്റുകളും നല്‍കി.
മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, അഡ്വ. കെ.എന്‍.എ ഖാദര്‍ എംഎല്‍എ, വേങ്ങര മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി പുള്ളാട്ട് ഷംസു, കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, ജന.സെക്രട്ടറി കൊമ്പതിയില്‍ റസാഖ് എന്നിവര്‍ യാത്രക്കാര്‍ക്ക് ആശംസ നേര്‍ന്നു.
ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, പ്രവര്‍ത്തക സമിതിയംഗം അമീര്‍ പറപ്പൂര്‍, വേങ്ങര മണ്ഡലം സെക്രട്ടറി മൂസ വേങ്ങര, ദുബൈ കെഎംസിസി കണ്ണമംഗലം പഞ്ചായത്ത് ജന.സെക്രട്ടറി നിസാര്‍ ചേങ്ങപ്ര, പറപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് കുഞ്ഞാപ്പു, ഉമ്മര്‍ ഹുദവി തീണ്ടേക്കാട്, എം.മുഹമ്മദ് കുട്ടി കിളിനക്കോട്, യു.കെ മുഹമ്മദ് കിളിനക്കോട്, ഷംസു കുഴിപ്പുറം, മന്‍സൂര്‍ പറപ്പൂര്‍, ഷാജഹാന്‍ കണ്ണമംഗലം എന്നിവര്‍ യാത്രക്കാരെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ദുബൈ കെഎംസിസി വേങ്ങര മണ്ഡലം ട്രഷറര്‍ എ.കെ സിദ്ദീഖ്, സെക്രട്ടറി അസ്ബുദ്ദീന്‍, പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പറപ്പൂര്‍, ജന.സെക്രട്ടറി ജാഫര്‍ സാദിഖ്, കണ്ണമംഗലം പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പഴയകത്ത് അലി, ഭാരവാഹികളായ ജാബിര്‍ ചേറൂര്‍, സി.കെ ഉബൈദ്, ദുബൈ കെഎംസിസി വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.