ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു

82

പാലക്കാട്: ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത വിമാനം 178 യാത്രക്കാരുമായി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പറന്നിറങ്ങി. കഴിഞ്ഞ ദിവസം റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ച സ്‌പൈസ് ജെറ്റ് എസ്ജി 9383 വിമാനത്തില്‍ ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വൈദ്യസഹായം അവശ്യമുള്ളവര്‍, പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവര്‍, കുരുന്നുകള്‍, വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തിയവര്‍ തുടങ്ങി ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പേരാണ് നാടണഞ്ഞത്.
വിവിധ എമിറേറ്റുകളില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ 7ന് അബുദാബി കെഎംസിസി ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി നിയാസ് ഇളയവീട്ടില്‍ അബുദാബി ബസ് ടെര്‍മിനലില്‍ നിന്നും യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, ദുബൈ കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍, ജംഷാദ് വടക്കേതില്‍, നജീബ് തെയ്യാലിക്കല്‍, അന്‍വര്‍ ഹല, മഅ്‌റൂഫ് കോഴിക്കര, ജലാല്‍ കല്‍പാത്തി, അലി ചളവറ, ജലീല്‍ ചെര്‍പ്പുളശ്ശേരി എന്നിവരുടെ പരിശ്രമമാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രസ്തുത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ മണ്ഡലം കമ്മിറ്റിക്ക് സഹായകമായത്.
യാത്രക്കാര്‍ക്ക് വിപുലമായ സ്വകര്യങ്ങളാണ് മണ്ഡലം കമ്മിറ്റി ഒരുക്കിയിരുന്നത്. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ചളവറയുടെ നേതൃത്വത്തില്‍ ജന.സെക്രട്ടറി സലീം പനമണ്ണ, ട്രഷറര്‍ ഷെഫീഖ് മത്തിപ്പറമ്പ്, ഷമീര്‍ പറക്കടന്‍, സിദ്ദീഖ് അഹമ്മദ് തൂത, മന്‍സൂര്‍ പുലാക്കല്‍, ഷമീര്‍ പനമണ്ണ, ഹംസ എ.പി, ശരീഫ് മത്തിപ്പറമ്പ് തുടങ്ങിയവര്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി.