ഈജിപ്തിലെ രണ്ടാമത്തെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

കയ്‌റോ ഹെലിയൊപൊളിസിലെ പുതിയ ലുലു ഹൈപര്‍ മാര്‍ക്കറ്റ ഉദ്ഘാടനം നിര്‍വഹിച്ച് ഈജിപ്ത് ആഭ്യന്തര വ്യാപാര വിതരണ മന്ത്രി ഡോ. അലി മൊസെല്‍ഹി സംസാരിക്കുന്നു. ഈജിപ്ത് ആഭ്യന്തര വ്യാപാര ഉപ മന്ത്രി ഡോ. ഇബ്രാഹിം അഷ്മാവി, യുഎഇ കാര്യാലയം ഫസ്റ്റ് സെക്രട്ടറി റാഷിദ് അബ്ദുള്ള അല്‍സോയ്, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി നഹാസ് അലി തുടങ്ങിയവര്‍ സമീപം

കയ്‌റോ: പ്രമുഖ റീടെയില്‍ ഗ്രൂപ്പായ ലുലുവിന്റെ 190മത് ഹൈപര്‍ മാര്‍ക്കറ്റ് ഈജിപ്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തലസ്ഥാന നഗരിയായ കയ്‌റോവിലെ ഹെലിയൊപൊളിസിലാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ്.
ഈജിപ്ത് ആഭ്യന്തര വ്യാപാര വിതരണ വകുപ്പ് മന്ത്രി ഡോ. അലി മൊസെല്‍ഹി ഉദ്ഘാടനം നിര്‍വഹിച്ചു.
ആഭ്യന്തര വ്യാപാര ഉപ മന്ത്രി ഡോ. ഇബ്രാഹിം അഷ്മാവി, യുഎഇ കാര്യാലയം ഫസ്റ്റ് സെക്രട്ടറി റാഷിദ് അബ്ദുള്ള അല്‍സോയ്, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി നഹാസ് അലി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി, മറ്റ് ഉന്നത ലുലു ഗ്രൂപ് പ്രതിനിധികള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറണ്‍സിലൂടെ ചടങ്ങ് വീക്ഷിച്ചു.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈജിപ്തില്‍ 10 ഹൈപര്‍ മാര്‍ക്കറ്റുകളും 4 മിനി മാര്‍ക്കറ്റുകളും തുറക്കുമെന്ന് എം.എ യൂസുഫലി പറഞ്ഞു. ഈജിപ്ത് ആഭ്യന്തര വ്യാപാര-വിതരണ വകുപ്പുമായി കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ കരാര്‍ പ്രകാരം നാല് ഹൈപര്‍ മാര്‍ക്കറ്റുകള്‍ ഈജിപ്ത് സര്‍ക്കാറുമായി ചേര്‍ന്നാണ് പണിതുയര്‍ത്തുന്നത്. ഹൈപര്‍ മാര്‍ക്കറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനമാകുന്നതോടെ എണ്ണായിരത്തോളം പേര്‍ക്ക് ജോലി നല്‍കാന്‍ സാധിക്കും. നിക്ഷേപകര്‍ക്ക് മികച്ച പിന്തുണയാണ് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്നതെന്നും യൂസുഫലി പറഞ്ഞു.
കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കിഴക്കനേഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയിലെ മൂന്നാമത് ലുലു ഹൈപര്‍ മാര്‍ക്കറ്റ് ജക്കാര്‍ത്തക്കടുത്തുള്ള ബോഗോര്‍ പ്രവിശ്യയിലെ സെന്റ്‌റുല്‍ സിറ്റിയില്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.