ഇലേണിംഗ് വിജയകരമായി സംവിധാനിച്ച് ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാര്‍ജ

762

ഷാര്‍ജ: കോവിഡ് 19 മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവന്‍ അടഞ്ഞെങ്കിലും പുതിയ അധ്യയന സംവിധാനം നടപ്പില്‍ വരുത്തിയാണ് യുഎഇ ഗവണ്‍മെന്റ് വിദ്യാഭ്യാസത്തിന്റെ നൈരന്തര്യം നിലനിര്‍ത്തിയത്. ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങളുള്‍ക്കൊണ്ട് സ്വകാര്യ സ്‌കൂളുകളും ഇലേണിംഗ് സംവിധാനത്തിലേക്ക് നീങ്ങിയപ്പോള്‍, ഇമാറാത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പെയ്‌സ് എജുകേഷന്റെ കീഴിലുള്ള ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ ഇലേണിംഗ് സംവിധാനം വിജയകരമായി സംവിധാനിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തു. സൂം ആപ്പ് ഉപയോഗിച്ച് ഇലേണിംഗ് ക്‌ളാസ്സുകളും ഗൂഗ്ള്‍ ക്‌ളാസ് റൂമുകളിലൂടെ പഠന സംവിധാനങ്ങളും ഒരുക്കി തുടങ്ങിയ ആസൂത്രിത പഠന പരിപാടികള്‍ വിജയകരമാക്കാന്‍ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂളിന് സാധ്യമായി.

ഇലേണിംഗ് സംവിധാനങ്ങള്‍ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കിയ ഷാര്‍ജ ഗവണ്‍മെന്റിന്റെ വിദ്യഭ്യാസ വിംഗായ സ്പിയയുടെ പൂര്‍ണാംഗീകാരം സ്വന്തമാക്കാന്‍ പെയ്‌സ് സ്‌കൂളുകള്‍ക്ക് സാധിച്ചു. ഇലേണിംഗ് പഠന സംവിധാനങ്ങള്‍ മൂന്ന് സോണുകളായി തരം തിരിച്ച് 13 ഏരിയകള്‍ വിശകലന വിധേയമാക്കിയപ്പോള്‍ എല്ലാറ്റിലും ഉയര്‍ന്ന ഗ്രേഡായ ‘ഡെവലപ്ഡ്’ സ്വന്തമാക്കി നൂതന സാങ്കേതിക വിദ്യയുടെ സംവിധാനത്തിലും പ്രയോഗവത്കരണത്തിലും ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അഭിമാനാര്‍ഹമായ നേട്ടമാണ് സ്വന്തമാക്കിയത്. പെയ്‌സ് സ്‌കൂളുകളില്‍ സജ്ജീകരിച്ച ഐടി ലാബുകളും സുസജ്ജമായ ഐടി ടീമിന്റെ ശക്തമായ പ്രയത്‌നങ്ങളും ഇലേണിംഗ് ക്‌ളാസുകള്‍ വിജയകരമാക്കുന്നതിലും വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷം ഫലപ്രദമാക്കുന്നതിലും ഗണനീയമായ പങ്കാണ് വഹിച്ചത്. ഷാര്‍ജ ഗവണ്‍മെന്റിന്റെ വിശകലനത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്ത പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, അധ്യാപകര്‍, ഐടി ജീവനക്കാര്‍ തുടങ്ങി മുഴുവന്‍ ജീവനക്കാരെയും പെയ്‌സ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, ഡയറക്ടര്‍മാരായ അസീഫ് മുഹമ്മദ്, സല്‍മാന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, ലെയ്‌സണ്‍ ഓഫീസര്‍ ഹാഷിം തുടങ്ങിയവര്‍ അഭിനന്ദിച്ചു.
ഗള്‍ഫ് ഏഷ്യന്‍ ഇംഗ്‌ളീഷ് സ്‌കൂള്‍ ഷാര്‍ജ, പെയ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ, ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍ അജ്മാന്‍, പെയ്‌സ് ബ്രിട്ടീഷ് സ്‌കൂള്‍ ഷാര്‍ജ, ക്രിയേറ്റീവ് ബ്രിട്ടീഷ് സ്‌കൂള്‍ അബുദാബി എന്നിവ പെയ്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ്.